തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ പ്രവർത്തിക്കുന്നത് ഒരു ടിക്കറ്റ് കൗണ്ടർ മാത്രം
റെയിൽവേ സ്റ്റേഷനിൽ പുലർച്ചെയെത്തുന്ന യാത്രക്കാർക്ക് ആശ്രയം ഒന്നാം പ്ലാറ്റ്ഫോമിലെ ഒരു ടിക്കറ്റ് കൗണ്ടർ മാത്രം. ഇതുകാരണം ദിവസവും നൂറുകണക്കിന് യാത്രക്കാരാണ് വലയുന്നത്. രണ്ടാം പ്ലാറ്റ് ഫോമിൽ രാവിലെ ആറുമുതൽ രാത്രി ഒമ്പതുവരെ മാത്രമേ ടിക്കറ്റ് കൗണ്ടർ പ്രവർത്തിക്കുന്നുള്ളൂ.അതിനാൽ ഷൊർണൂർ ഭാഗത്തേക്ക് യാത്രചെയ്യാൻ രണ്ടാം പ്ലാറ്റ്ഫോമിലെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.പുലർച്ചെ 5.20-നാണ് കണ്ണൂർ-എറണാകുളം എക്സിക്യൂട്ടീവ് സ്റ്റേഷനിലെത്തുന്നത്. ആറുമണിയോടെ കോയമ്പത്തൂർ പാസഞ്ചറുമെത്തും. ഇവയിൽ യാത്രചെയ്യാൻ രണ്ടാം പ്ലാറ്റ്ഫോലെത്തുന്നവർ സ്റ്റേഷനിലെ മേൽപ്പാലം കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലെത്തി വീണ്ടും ഇതേവഴി തന്നെ മടങ്ങണം.പുലർച്ചെ മംഗളൂരു ഭാഗത്തേക്ക് തീവണ്ടികളുള്ളതിനാൽ ഇവയിൽ യാത്രചെയ്യാനെത്തുന്നവരും ടിക്കറ്റ് കൗണ്ടറിലുണ്ടാകും. ഇതേ കൗണ്ടർ തന്നെയാണ് രണ്ടാം പ്ലാറ്റ്ഫോമിലെ എക്സിക്യൂട്ടീവ് എക്സപ്രസിലെയും കോയമ്പത്തൂർ പാസഞ്ചറിലെയും യാത്രക്കാരും ആശ്രയിക്കുന്നത്.അതെ സമയം വേണ്ടത്ര ജീവനക്കാരില്ലാത്തതിനാലാണ് രണ്ടാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ നേരത്തേ തുറക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്.