കണ്ണൂർ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത് എങ്ങനെ? ആശ വർക്കർ മുതൽ ജില്ലാ കളക്ടർ വരെ നീളുന്ന യുദ്ധ മുന്നണിയെ കുറിച്ച് കൂടുതലറിയാം

0

മാസ്‌ക് ഇവര്‍ക്ക് പടച്ചട്ടയാണ്. പി പി ഇ കിറ്റ് കവചവും. വാളും തോക്കുമല്ല, മരുന്നും സ്‌നേഹവും അതിരറ്റ കരുതലുമാണ് ഇവര്‍ക്ക് ആയുധം. ആത്മ സമര്‍പ്പണത്തിന്റെ അചഞ്ചല സ്ഥൈര്യമാണ് ഇവരുടെ കരുത്ത്. ലോകത്തെ വിറപ്പിക്കുന്ന കോവിഡ് മഹാമാരിക്കെതിരെ പടനയിക്കുന്നവര്‍. നമ്മുടെ ജീവന്‍ കാക്കാന്‍ അവര്‍ യുദ്ധ മുന്നണിയിലാണ്. ആഴ്ചകളായി ഉറ്റവരെ കാണാതെ, വിശ്രമമറിയാതെ, ആഹാരം കഴിക്കാതെയും കഴിച്ചെന്നു വരുത്തിയും, മേശമേല്‍ കൈകള്‍ ചേര്‍ത്തുവെച്ചു കണ്ണു ചിമ്മിയും, ചിമ്മാതെയും അവര്‍ യുദ്ധമുന്നണിയിലാണ്. ഒരു ചുവട്‌പോലും ഇടറാതെ, തെല്ലും പതറാതെ അവരുണ്ട്, നമുക്ക് കാവലാള്‍മാരായി.


രോഗികളെ നേരിട്ട് പരിചരിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്ര തലത്തില്‍ പ്രതിരോധ, ബോധവല്‍ക്കരണ നടപടികളില്‍ മുഴുകി നില്‍ക്കുന്ന ഹെല്‍ത്ത് നഴ്‌സുമാരും ആശ വര്‍ക്കര്‍മാരും വരെ നീളുന്ന സൈനിക ശൃംഖലയാണത്. മുന്നണിയില്‍ യുദ്ധം നയിക്കുന്നവര്‍ക്ക് തന്ത്രവും സന്നാഹങ്ങളുമൊരുക്കി നേതൃത്വം നല്‍കുന്നത് ജില്ലാ കലക്ടര്‍ ടി വി സുഭാഷും ഡിഎംഒ ഡോ. കെ നാരായണ നായ്ക്കും അടക്കമുള്ളവര്‍. ദുരന്ത നിവാരണ നിയമപ്രകാരം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ കമാണ്ടറാണ് ജില്ലാ കലക്ടര്‍.
സൈനികര്‍ക്ക് ആയുധവും വെടിക്കോപ്പുകളുമെന്ന പോലെ മരുന്നും ചികിത്സാ സംവിധാനവും ഒരുക്കി നല്‍കി പിന്തുണ നല്‍കുന്ന മറ്റൊരു വിഭാഗം. രഹസ്യ പൊലീസിനെപ്പോലെ രോഗികളുടെ സമ്പര്‍ക്ക പട്ടികയും റൂട്ട്മാപ്പും തയ്യാറാക്കി രോഗ വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ അഹോരാത്രം കര്‍മനിരതരാകുന്ന സര്‍വെയലന്‍സ് സംഘം. അങ്ങനെ നീളുന്നു ആരോഗ്യ വകുപ്പിന്റെ ഈ മഹായുദ്ധ സന്നാഹം. ഈ നൂറ്റാണ്ട് ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭയാനകമായ മഹാമാരിയെ ചെറുക്കാന്‍ കണ്ണൂര്‍ ജില്ല നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കരുത്ത് കണ്ണി ചേര്‍ന്നുള്ള ഈ കൂട്ടായ്മയാണ്.
രോഗികളുമായി നേരിട്ട് ഇടപെട്ട് ചികിത്സ നടത്തുന്നതിന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റുമാര്‍ എന്നിവരടങ്ങിയ ഒരോ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് എന്നീ നാല് ആശുപത്രികളിലാണ് ജില്ലയില്‍ കൊവിഡ് ചികിത്സ ഒരുക്കിയിട്ടുള്ളത്. ഈ നാല് കേന്ദ്രങ്ങളിലുമായി ഡോക്ടര്‍മാര്‍ മുതല്‍ നഴ്‌സിങ്ങ് അസിസ്റ്റന്റ് വരെയുള്ള 616 പേരെയാണ് വിവിധ ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രിയില്‍ 90, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 90, ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 156, ഗവ. മെഡിക്കല്‍ കോളേജില്‍ 280 എന്നിങ്ങനെയാണ് ഇവരുടെ സംഖ്യ. ഒരു ടീം 14 ദിവസം തുടര്‍ച്ചയായി ഡ്യൂട്ടിയിലുണ്ടാകും. വീടുകളില്‍ പോകാതെ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കുന്ന താമസസ്ഥലത്താണ് ഇവര്‍ കഴിയുക. 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാല്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. എന്നിട്ടേ വീടുകളിലേക്ക് പോകാനാകൂ. അപ്പോഴേക്കും അടുത്ത സംഘം ചുമതല ഏല്‍ക്കും. ജില്ലാ ആശുപത്രിയില്‍ ഡോ. സി വി ടി ഇസ്മയിലിന്റെ നേതൃത്വത്തില്‍ 16 ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രില്‍ ഡോ. കെ സി അനീഷ്, ഡോ. കെ എന്‍ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. അഞ്ചരക്കണ്ടിയിലെ ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ചുമതല ഡോ. സി അജിത് കുമാറിനാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഡോ. സുധീപ് കുമാറാണ് ചികിത്സ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.

നേതൃനിര
ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ നാരായണ നായ്ക്കിനാണ്. ജില്ലാ സര്‍വെയലന്‍സ് ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. എന്‍ അഭിലാഷ് എന്നിവരാണ് ഈ നേതൃനിരയിലുള്ളത്.
ജില്ലാ തലത്തില്‍ പ്രത്യേക വിഷയങ്ങളില്‍ ചുമതല നിര്‍വഹിക്കുന്ന 15 അംഗ സംഘമുണ്ട്. ഇവരാണ് ചികിത്സയും അനുബന്ധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എം പ്രീത, ഡോ. ഇ മോഹനന്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, ഡോ. കെ സി സച്ചിന്‍, ഡോ. ജി അശ്വിന്‍, ഡോ വനതി സുബ്രഹ്മണ്യം, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ ദീപക് രാജന്‍, ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍, ജില്ലാ സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ എ സുരേന്ദ്രനാഥന്‍, ഒ അഹമ്മദ് കബീര്‍, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ബെന്നി ജോസഫ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, സീനിയര്‍ സൂപ്രണ്ട് വി വി മുരളീധരന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി സുനില്‍ ദത്തന്‍ എന്നിവരാണ് ഈ കോര്‍ ഗ്രൂപ്പിലുള്ളത്.

ജില്ലാ കണ്‍ട്രോള്‍ സെല്‍
ജില്ലാ കണ്‍ട്രോള്‍ സെല്ലിലെ കോള്‍ സെന്ററില്‍ ജെ എച്ച് ഐ, ജെ പി എച്ച് എന്‍, പി ആര്‍ ഒ എന്നിവര്‍ ഉള്‍പ്പെടെ 2 ഷിഫ്റ്റുകളിലായി 8 ജീവനക്കാരാണുളളത്. കൂടാതെ സര്‍വൈലന്‍സ് വിഭാഗത്തില്‍ 8 ഡോക്ടര്‍മാര്‍, 10 പാരാ മെഡിക്കല്‍ വിഭാഗം ജീവനക്കാര്‍, 15 സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും ജോലി ചെയ്യുന്നു. ക്വാറന്റൈനില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങള്‍, ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങള്‍, ചരക്കുവാഹനങ്ങള്‍ക്കുള്ള യാത്ര പാസ്, അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ക്വാറന്റൈനില്‍ കഴിയുന്നവരുടെ മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങി കൊറോണക്കാലത്ത് ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്‌നങ്ങള്‍ക്കും കോള്‍ സെന്ററില്‍ വിളിക്കാം. വിവിധ വകുപ്പുകളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കോള്‍ സെന്ററിലെത്തുന്ന ഓരോ കോളുകള്‍ക്കും ഉടനടി പരിഹാരം കണ്ടെത്താന്‍ ഇതുവഴി സാധിക്കുന്നുണ്ട്.

നിരീക്ഷണം, അന്വേഷണം, പ്രതിരോധം;
ഫീല്‍ഡില്‍ 2915 പേര്‍

രോഗ ചികിത്സയോടൊപ്പമോ അതിലേറെയോ പ്രധാനമാണ് കൊവിഡ് പ്രതിരോധത്തില്‍ ഫീല്‍ഡ് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് ഈ പ്രവര്‍ത്തനങ്ങളുടെ ന്യൂക്ലിയസ്. പിഎച്ച്‌സി യിലെ ഡോക്ടറുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ഹെല്‍ത്ത് ബ്ലോക്ക് പിആര്‍ഒമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരാണ് ഈ ശൃംഖലയിലുള്ളത്. ജില്ലയില്‍ 104 പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 8 ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, 4 പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍മാര്‍, 79 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 58 പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, 294 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, 401 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, 13 ഹെല്‍ത്ത് ബ്ലോക്ക് പിആര്‍ഒമാര്‍, 1958 ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ഇതര രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്നവരുടെ വിവരശേഖരണം നടത്തുകയും അവരെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ക്വാറന്റൈനില്‍ വയ്ക്കുകയും ദിവസേന അവരെ ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥത വല്ലതുമുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല. അന്വേഷണത്തില്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നുതോന്നിയാല്‍ അവരെ തൊട്ടടുത്ത കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
കോവിഡ്-19 നെ കുറിച്ചും അതിന്റെ സംക്രമണരീതികളെക്കുറിച്ചും സാധാരണ ജനങ്ങളുടെയിടയില്‍ ബോധവല്‍ക്കരണം നടത്തുക. ആശുപത്രിയില്‍ അഡ്മിററ് ചെയ്തയാളുകളില്‍ കോവിഡ്-19 സ്ഥീരീകരിച്ചയുടനെ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രൈമറി, സെക്കണ്ടറി കോണ്‍ടാക്ട് കണ്ടെത്തി ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് അയക്കുക. ക്വാറന്റീന്‍ നിശ്ചയിക്കപ്പെട്ട ആളുകള്‍ ക്വാറന്റീന്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. രോഗികള്‍, സമ്പര്‍ക്കപട്ടിയിലുള്ളവര്‍, ക്വാറന്റീനിലുള്ളവര്‍ എന്നിവരുടെ വിശദവിവരങ്ങള്‍ കോവിഡ് ട്രാക്കര്‍ സോഫ്റ്റ് വെയറില്‍ അപ്‌ഡേറ്റ് ചെയ്യുക. ഇതോടൊപ്പം രോഗ പ്രതിരോധത്തിനാവശ്യമായ ‘ബ്രെക്ക് ദ ചെയിന്‍’ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ഫീല്‍ഡ് തല പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading