പരിയാരത്ത് ഡോക്ടറുടെ വീട്ടിൽ കവർച്ച

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ടിന്റെ ഏമ്പേറ്റിലെ വീട്ടില്‍ വിഷു ദിവസം പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ വീടിന്റെ മുന്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് പേഴ്‌സില്‍ നിന്നും 15,000 രൂപ മോഷ്ടിച്ചു. ഡോ.ബാലകൃഷ്ണനും ഭാര്യ ഡോ.സുധയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. എസി ഓണ്‍ചെയ്ത് കിടന്നതിനാല്‍ പുറത്തുനിന്നുള്ള ശബ്ദം കേട്ടിരുന്നില്ല. എല്ലാ മുറികളുടെയും വാതിലുകള്‍ പിക്കാക്‌സ് ഉപയോഗിച്ച് തകര്‍ത്ത് അരിച്ചു പെറുക്കി പരിശോധിച്ച മോഷ്ടാവ് ഒടുവില്‍ ഇരുവരും ഉറങ്ങിക്കിടന്ന ബെഡ്‌റൂമിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ശബ്ദം കേട്ട് ഡോക്ടര്‍ ഉണര്‍ന്നത്. അകത്തു നിന്നും വാതില്‍ പൂട്ടിയ ശേഷം ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരിയാരം പോലീസില്‍ വിവരമമറിയിച്ചതുപ്രകാരം എഎസ്‌ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം പ്രദേശം മുഴുവന്‍ തിരഞ്ഞുവെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വിരലടയാള വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. നേരത്തെയും ഡോക്ടര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ കവര്‍ച്ച നടത്തി 25 പവന്‍ സ്വര്‍ണ്ണം കവര്‍ന്നിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: