ആറളം ഫാമിൽ ആദ്യ അക്രമവും മരണവും 2014 ൽ –
രഘു ഈ പരമ്പരയിലെ പന്ത്രണ്ടാമൻ


ഇരിട്ടി: ആറളം ഫാമിൽ 2014 ഏപ്രിൽ 20ന്‌ ബ്ലോക്ക്‌ പതിനൊന്നിലെ ആദിവാസി മാധവിയാണ്‌ ആദ്യം ആനയുടെ കുത്തേറ്റ്‌ മരിക്കുന്നത്. തുടർന്ന് 2015 മാർച്ച്‌ 24ന്‌ ബ്ലോക്ക്‌ ഏഴിലെ ബാലനെയും കാട്ടാന കുത്തി വീഴ്‌ത്തി. ഗുരുതര പരിക്കേറ്റ ബാലൻ ഏപ്രിൽ നാലിന്‌ മരിച്ചു. 2017 മാർച്ച്‌ എട്ടിന്‌ ആറളം ഫാം ബ്ലോക്ക്‌ പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വച്ച്‌ റജി എന്നിവരും ആനയാക്രമണത്തിൽ കൊല്ലപ്പെട്ടു. 18 ഒക്‌ടോബർ 29ന്‌ ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസമ്പർ എട്ടിന്‌ ആദിവാസിയായ കുഷ്‌ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന്‌ ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ടു. ഒക്‌ടോബർ 31ന്‌ ആറളം ഫാമിലെ ആദിവാസി യുവാവ്‌ സതീഷ്‌(ബബീഷ്‌) വീട്ടിലേക്കുള്ള യാത്രക്കിടയിൽ കാട്ടാനയുടെ ചവിട്ടേറ്റ്‌ മരിച്ചു.
ആറളം ഫാമിലെ കാട്ടാനയക്രമണത്തിന്റെ ഒൻപതാമത് ഇരയായിരുന്നു 2022 ജനുവരി 31 കൊല്ലപ്പെട്ട ചെത്ത്‌ തൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷ് . രാവിലെ ബ്ലോക്ക്‌ ഒന്നിലാണ്‌ കാട്ടാന ഓടിച്ച്‌ റിജേഷിനെ ചവിട്ടിക്കൊന്നത്‌. റിജേഷ്‌ അടക്കം നാല്‌ തൊഴിലാളികൾ തെങ്ങ്‌ ചെത്തിനായി പോവുന്നതിനിടെയാണ്‌ ആനക്ക്‌ മുന്നിൽ പെട്ടത്‌. തൊഴിലാളികൾ ചിതറി യോടുന്നതിനിടയിലാണ്‌ റിജേഷിനെ ആന പിന്തുടർന്ന്‌ ചവിട്ടി കൊന്നത്‌. ജൂലൈ 14 ന് ബ്ലോക്ക് 7 ൽ കാട്ടാന അക്രമത്തിൽ മരിച്ച പുതുശ്ശേരി ദാമു ആറളം ഫാമിലെ കാട്ടാന അക്രമത്തിന്റെ പത്താമത് ഇരയായി മാറി.
സെപ്തംബർ 27ന് ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു കാളികേയം കൂടി കാട്ടാന അക്രമത്തിൽ മരിച്ചതോടെ കഴിഞ്ഞ 8 വർഷത്തിനിടെ ആറളം ഫാമിനകത്ത് കാട്ടാന അക്രമത്തിൽ കൊല്ലപ്പെടുന്ന പതിനൊന്നാമത്തെ ആളായി വാസു മാറി. സന്ധ്യക്ക്‌ ഏഴ് മണിയോടെ സഹോദരിയുടെ വീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് റോഡിലൂടെ നടന്നു പോവുകയായിരുന്ന വാസുവിനെ കാട്ടാന ആക്രമിച്ചു കൊല്ലുന്നത്.
എന്നാൽ ഇവിടംകൊണ്ടും തീരാതെ ഈ പരമ്പര തുടരുകയാണ് എന്നതാണ് പത്താം ബ്ലോക്കിലെ താമസക്കാരനായ രഘുവിനെ പട്ടാപ്പകൽ കാട്ടാന ചവിട്ടിക്കൊന്നതിലൂടെ വെളിവാകുന്നത്. ഈ പരമ്പരയിലെ പന്ത്രണ്ടാമത് മരണമാണ് രഘുവിന്റേത്.

ഇത് കൂടാതെ കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചിരുന്നു . 2017 ഫെബ്രുവരി രണ്ടിന്‌ അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, ജനവരി പത്തിന്‌ നരിക്കടവിലെ അഞ്ചാനിക്കൽ ബിജു എന്നിവരും ആറളം ഫാമിന് പുറത്ത് ആനയുടെ ചവിട്ടേറ്റ്‌ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 2021 സെപ്തം 26 ന് പുലർച്ചെ ഏഴിന് പെരിങ്കരിയിൽ ചെങ്ങഴശേരി ജസ്റ്റിൻ കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവമായിരുന്നു. കർണാടകയുടെ മാക്കൂട്ടം വന മേഖലയിൽ നിന്നും എത്തിയ കാട്ടാന 10 കിലോമീറ്ററിലേറെ ജനവാസ മേഖലയിൽ കടന്നെത്തിയാണ് രാവിലെ ബൈക്കിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: