ജില്ലാ ലീഗ് ക്രിക്കറ്റ്: കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനും തലശ്ശേരി ഐലാന്റ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സി ഡിവിഷൻ ലീഗ് മൽസരത്തിൽ കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 7 വിക്കറ്റിനു തലശ്ശേരി നെട്ടൂർ ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത നെട്ടൂർ ക്രിക്കറ്റ് ക്ലബ് 18.2 ഓവറിൽ 64 റൺസിനു എല്ലാവരും പുറത്തായി. അൻവർ സാദിഖ് 22 റൺസും എസ് കെ സാലിം 13 റൺസുമെടുത്തു. ബ്രദേഴ്സിനു വേണ്ടി ഷരീഫ് 17 റൺസിനു 6 വിക്കറ്റ് വീഴ്ത്തി. മറുപടിയായി ബ്രദേഴ്സ് ക്ലബ്ബ് 9.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 68 റൺസെടുത്ത് വിജയലക്ഷ്യം കണ്ടു. സഫ്‌വാൻ പുറത്താകാതെ 31 റൺസും റോജൻ 14 റൺസുമെടുത്തു.
നെട്ടൂറിനു വേണ്ടി നിഷാദ് 9 റൺസിനു 2 വിക്കറ്റ് കരസ്ഥമാക്കി.കണ്ണൂർ ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം ശരീഫിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
ഉച്ചയ്ക്ക് നടന്ന രണ്ടാം മൽസരത്തിൽ തലശ്ശേരി ഐലന്റ് ക്രിക്കറ്റ് ക്ലബ് 14 റൺസിനു തലശ്ശേരി ക്രൈസ്റ്റ് കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഐലന്റ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. സംനേഷ് പുറത്താകാതെ 37 റൺസും ആഷിറും എം ഷഫീലും14 റൺസ് വീതമെടുത്തു. ക്രൈസ്റ്റ് കോളേജിന് വേണ്ടി ആദിൽ മുബാറക് 12 റൺസിനു 4 വിക്കറ്റും ജുനൈദ് 19 റൺസിനു 2 വിക്കറ്റും കരസ്ഥമാക്കി. മറുപടിയായി ക്രൈസ്റ്റ് കോളേജ് 18.4 ഓവറിൽ 111 റൺസിനു എല്ലാവരും പുറത്തായി. അഭിനവ് 36 റൺസെടുത്തു. ഐലന്റിന് വേണ്ടി പി പി ഷംസീർ 16 റൺസിനു 5 വിക്കറ്റും ജെറീസ് ജെറി 19 റൺസിനും ആഷിർ 20 റൺസിനും 2 വിക്കറ്റുകൾ വീതം കരസ്ഥമാക്കി.ഐലന്റ് ക്രിക്കറ്റ് ക്ലബ് താരം പി പി ഷംസീറിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.
നാളെ(ശനിയാഴ്ച, 18.03.2023)രാവിലെ നടക്കുന്ന ബി ഡിവിഷൻ മത്സരത്തിൽ കൂത്തുപറമ്പ് രഞ്ജി ക്രിക്കറ്റ് ക്ലബ് മുഴപ്പിലങ്ങാട് വി പി ആർ ക്ലബ്ബിനേയും ഉച്ചക്ക് നടക്കുന്ന മത്സരത്തിൽ ഇല്ലിക്കുന്ന് ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് തലശ്ശേരി ബി കെ 55 ക്രിക്കറ്റ് അക്കാദമിയേയും നേരിടും.