ലഹരി മരുന്നുമായി നാലു പേർ തലശേരിയിൽ അറസ്റ്റിൽ

തലശേരി: ലഹരിമരുന്ന് വാങ്ങാനെത്തിയ നാലംഗ കണ്ണൂർ സംഘത്തെ തലശേരിയിൽ വെച്ച് ബ്രൗൺഷുഗറുമായി പോലീസ് പിടികൂടി. കണ്ണൂർ പാപ്പിനിശേരിഅഞ്ചാംപീടിക സ്വദേശി മക്കരക്കാൻ്റവിട മുഹമ്മദ് ഫാസിൽ (27), ചാലാട് ബാനു സ്മാരക വായനശാലക്ക് സമീപത്തെ അലിയാസ് ഹൗസിൽ സാദ് അഷറഫ് (26), ചാലാട് സ്വദേശി സി.ദീപക് (32), ചാലാട് താമസിക്കുന്ന ടി.എസ്.മംഗൾ (26) എന്നിവരെയാണ് എസ്.ഐ.സി. പി.ലിനേഷും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ നിന്നും കാറിൽ തലശേരിയിലെത്തി ലഹരിമരുന്ന് വാങ്ങിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് 17.990 ഗ്രാം ബ്രൗൺഷുഗറുമായി പോലീസ് ലഹരി സംഘത്തെ പിടികൂടിയത്.ഇന്നലെ രാത്രി 8.50 ഓടെ തലശേരി സ്റ്റേഡിയത്തിന് സമീപം വെച്ചാണ് ഡൽഹിയിൽ റെജിസ്ട്രേഷൻ ചെയ്ത ഡി.എൽ.സി.ജി. 8915 നമ്പർ ഫോർച്യൂൺ കാറുമായി സംഘം പോലീസ് പിടിയിലായത് മുഖ്യ പ്രതിയായ സാദ് അഷറഫിൽ നിന്നാണ് ബ്രൗൺഷുഗർ പോലീസ് പിടിച്ചെടുത്തത്. പോലീസ് പിടികൂടിയപ്പോൾ അക്രമാസക്തനായ ഇയാൾ പോലീസ് വാഹനത്തിൻ്റെ ഗ്ലാസിൽ സ്വയം തലയിടിച്ച് പരിക്കേറ്റ സംഭവവുമുണ്ടായി.
പ്രതികളിൽ നിന്നും ലഹരി വ്യാപാരത്തിനുപയോഗിച്ച മൂന്ന് മൊബെൽ ഫോണും പോലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.