ഭക്ഷ്യ പദാർത്ഥങ്ങളിൽ നിന്നും മദ്യം ഉൽപാദിപ്പിക്കാനുള്ള നീക്കം ചെറുക്കുക;ഡോ: ജോസഫ് പാംബ്ലാനി

കണ്ണൂർ: പഴവർഗ്ഗങ്ങളിൽ നിന്നും മരച്ചീനി പോലുള്ള സാധാരണക്കാരന്റെ ഭക്ഷ്യ പദാർത്ഥങ്ങളിൽ നിന്നും മദ്യം ഉൽപാദിപ്പിക്കാനുള്ള സർക്കാർ നീക്കം എന്ത് വില കൊടുത്തും തടയാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ്പ് ഡോ:ജോസഫ് പാംബ്ലാനി ആഹ്വാനം ചെയ്തു. മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനദ്രോഹ മദ്യനയത്തിനും മദ്യ വ്യാപനത്തിനുമെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. മദ്യം സർവ്വത്ര വ്യാപിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നത്, കേരളീയ പൊതു സമൂഹത്തിന് ഭീഷണിയായി തീർന്നിട്ടുണ്ട്.ധനമാണ് സർക്കാറിന്റെ ലക്ഷ്യമെങ്കിൽ മദ്യവും മയക്കുമരുന്നും ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ വരുത്തുന്ന വിപത്തുകൾ വലിയ നഷ്ടമാണ് സമൂഹത്തിന് ഉണ്ടാക്കുന്നത്.ജനങ്ങളോടൊപ്പം നിൽക്കേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മദ്യ വ്യാപനത്തിന് മൗനാനുവാദം നൽകുന്നത് അവസാനിപ്പിക്കണമെന്നും ഡോ: പാംബ്ലാനി പറഞ്ഞു. ജില്ലാ പ്രസിഡണ്ട് രാജൻ തീയ റേത്ത് അധ്യക്ഷത വഹിച്ചു.സമിതി സംസ്ഥാന സെക്രട്ടറി ടി.പി. ആർ.നാഥ്,ജില്ലാ സെക്രട്ടറി ദിനു മൊട്ടമ്മൽ, പി.കെ.പ്രേമരാജൻ, ടി.കെ.ഡി.മുഴപ്പിലങ്ങാട്, കെ.പി.അബ്ദുൾ അസീസ്,കെ.ഹരീന്ദ്രൻ ,കെ.പി.മുത്തലിബ്,പി. നാണി,മധു കക്കാട്, ഇ.കെ.ജോസ് എന്നിവർ പ്രസംഗിച്ചു. മദ്യനിരോധന രംഗത്ത് ജയിലിൽ പോയതും നിസ്തുല സേവനമനുഷ്ഠിച്ചവരുമായ ഐ.അരവിന്ദൻ, തോമസ് വരകുകാലായിൽ, പ്രൊഫ.എം.ജി.മേരി, ആഗ്നസ് ഇനാസ്, കവിയൂർ രാഘവൻ, സൗമി ഇസബൽ എന്നിവരെ ഡോ: ജോസഫ് പാംബ്ലാനി പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: