സംസ്ഥാനത്തെ രണ്ടാമത്തെ ജൻഡർ കോംപ്ലക്സ് കൂത്തുപറമ്പിൽ നിർമ്മിക്കും

സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ ജെൻഡർ കോംപ്ലക്‌സ് കൂത്തുപറമ്പിൽ നിർമ്മിക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി കൂത്തുപറമ്പ് നഗരസഭയിലെ പാറാൽ വനിതാ ഹോസ്റ്റലിനു സമീപമാണ് ജെൻഡർ കോംപ്ലക്‌സ് നിർമ്മിക്കുക. ആദ്യപടിയായി കെട്ടിടത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്തു അന്നത്തെ എംഎൽഎ കെ കെ ശൈലജ ടീച്ചറുടെ ശ്രമഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 75 സെന്റിൽ നാല് കോടി രൂപ ചിലവിൽ മൂന്നു നിലകളിലായാണ് കോംപ്ലക്‌സ് നിർമിക്കുക. പി ഡബ്ല്യു ഡിക്കാണ് നിർമാണ ചുമതല.
പദ്ധതി യാഥാർഥ്യമായാൽ നഗരസഭയിലെ യുവതികൾക്ക് ഉന്നത പഠനം, ഗവേഷണം എന്നിവയ്ക്കാവശ്യമായ ലൈബ്രറി സൗകര്യം ലഭ്യമാകും. ഫിറ്റ്‌നസ് സെന്റർ, ഡ്രൈവിങ് പരിശീലനം, നീന്തൽ പരിശീലനം, വിവര സാങ്കേതിക വിദ്യയുടെ പരിശീലനം എന്നിവ നൽകുന്നതോടെ ഈ മേഖലയിൽ കൂടുതൽ വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. പ്രദേശത്തെ തൊഴിലെടുക്കുന്ന വനിതകൾക്ക് ആശ്വാസമായി കോംപ്ലക്‌സിൽ കമ്മ്യൂണിറ്റി കിച്ചണും ആരംഭിക്കും. കുട്ടികൾക്കായുള്ള ക്രഷ്, സീനിയേഴ്‌സ് റെസ്റ്റ് ഹൗസ് എന്നിവയും ജൻഡർ കോംപ്ലക്‌സിൽ ഒരുക്കാൻ പദ്ധതിയുണ്ട്. സംസ്ഥാനത്തെ ആദ്യ ജൻഡർ കോംപ്ലക്‌സ് കോഴിക്കോടാണ് പ്രവർത്തിക്കുന്നത്.