ഉപ്പിലിട്ടതോ ആസിഡിലിട്ടതോ; ജില്ലയിൽ പരിശോധന കർശ്ശനമാക്കും

കണ്ണൂർ: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽനിന്ന്‌ കുട്ടികൾ ആസിഡ് കുടിക്കാനിടയായ സാഹചര്യത്തിൽ ജില്ലയിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തും. പഴങ്ങൾ ഉപ്പിലിട്ട് സൂക്ഷിക്കുന്നതിനായി അളവിൽ കൂടുതൽ ആസിഡ് ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്നുണ്ടെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ നടത്തുക. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം 3.75 ശതമാനം അസറ്റിക് ആസിഡ് ഉപയോഗിക്കാം. എന്നാൽ പഴങ്ങളിൽ വേഗത്തിൽ ഉപ്പ് പിടിക്കാനായി ലായനിയിൽ നേർപ്പിക്കാത്ത അസറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇത് വീണ്ടും വ്യാപകമാവുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ.

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ സ്‌ക്വാഡുകളായി പരിശോധന നടത്തും. തട്ടുകടകളിൽനിന്നും ബീച്ചുകളോട് ചേർന്നുള്ള കടകളിൽനിന്നും സാമ്പിളുകൾ ശേഖരിക്കും. ഉപ്പിലിട്ടതും വിനാഗിരിയിൽ ഇട്ടതുമായ പഴങ്ങൾ ഉൾപ്പെടെയുള്ളവ, ഇവ തയ്യാറാക്കാൻ ഉപയോഗിച്ചുവരുന്ന ലായനി തുടങ്ങിയവയുടെ സാമ്പിളുകളാണ് ശേഖരിക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന സാമ്പിളുകൾ വിദഗ്ധപരിശോധനയിലൂടെ ഗുണനാലവാരം കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കും.

തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗങ്ങളെ ഉൾപ്പെടുത്തിയാണ് പരിശോധനയ്ക്കായി സ്‌ക്വാഡുകൾ രൂപവത്കരിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: