കാട്ടാനകൾ തകർത്ത ആറളം വനാതിർത്തിയിലെ ആനമതിലിന്റെ തകർന്നഭാഗം പുനർനിർമ്മിക്കാൻ ആരംഭിച്ചു

ഇരിട്ടി: ആറളം പുനരധിവാസ മേഖലയെയും ആറളം വന്യജീവി സങ്കേതത്തെയും വേർതിരിക്കുന്ന ഭാഗത്ത് നിർമ്മിച്ച ആനമതിലിന്റെ കാട്ടാനകൾ തകർത്ത ഭാഗം പുനർ നിർമ്മിക്കുന്ന പ്രവ്യത്തി ആരംഭിച്ചു. കാട്ടാനകൾ ഇതുവഴിയാണ് ഫാമിന്റെ പുനരധിവാസ മേഖലയിലേക്കും ആറളം ഫാമിന്റെ കാർഷിക മേഖലകളിലേക്കും പ്രവേശിച്ചിരുന്നത്. വളയംചാൽ മുതൽ കോട്ടപ്പാറവരെയുള്ള മതിലിന്റെ ആറിടങ്ങളിലായി 100 മീറ്ററോളം ഭാഗമാണ് കാട്ടാനകൾ തകർത്തിരുന്നത്. ഈ ഭാഗങ്ങളാണ് ഇപ്പോൾ പുനർനിർമ്മിക്കുന്നത്.
മതിൽ തകർന്നുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇത് പുനർ നിർമ്മിക്കാനുള്ള നടപടി ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഫാമിൽ ചെത്ത് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നതോടെ വനം വകുപ്പിന്റെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാവുകയും തകർന്ന മതിൽ പുനർ നിർമ്മിക്കാഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. മതിലിന്റെ പുനർ നിർമ്മാണത്തിന് അഞ്ചു ലക്ഷം രൂപയാണ് വനം വകുപ്പ് അനുവദിച്ചിരിക്കുന്നത്.
ഉയരം കുറഞ്ഞതും ബലക്കുറവുള്ളതുമായ നിലവിലുള്ള ആനമതിൽ ഫലപ്രദമാല്ലാഞ്ഞതിനാൽ വളയംചാൽ മുതൽ പൊട്ടിച്ചിപാറ 10.5 കിലോമീറ്റർ പൊക്കവും ബലവും കൂട്ടിയുള്ള ആനമതിൽ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ടാക്കാൻ 22 കോടിരൂപ രണ്ട് വർഷം മുൻമ്പ് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തതയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ആന മതിലിന് പകരം മറ്റ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ച് വനം വകുപ്പിൽ നിന്നും അഭിപ്രായം ഉയർന്നതോടെയാണ് തീരുമാനം നീണ്ടുപോകുന്നത്.
കഴിഞ്ഞ ദിവസം മേഖലയിലെ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് മൂന്ന് മന്ത്രിമാർ ഉൾപ്പെട്ട സംഘം ഫാമിൽ ജനപ്രതിനിധികളുമായും മറ്റും നടത്തിയ ചർച്ചയിൽ ആനമതിൽ തന്നെ മതിയെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ തീരുമാനിച്ചിരുന്നു. കാട്ടാന പ്രതിരോധ കാര്യത്തിൽ ഹൈക്കോടതിയിൽ നിലനില്ക്കുന്ന കേസിൽ ആനമതിലിന് അനുകൂലമായി റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചിരുന്നു. പുതിയ മതിൽ സ്ഥാപിക്കുന്നതുവരെ നിലവിലുള്ള മതിൽ പൊളിഞ്ഞ ഇടങ്ങളിൽ പുനസ്ഥാപിക്കാനും വനം വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. മന്ത്രി തല സംഘത്തിന്റെ പരിശോധനയുടെ ഭാഗമായാണ് തകർന്ന മതിൽ പുനസ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിലായത്.
മതിൽ തകർന്ന ഭാഗത്തുകൂടി ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നും ആറളം ഫാമിലും പുരനധിവാസ മേഖലയിലുമായി എത്തിയ ആനകൂട്ടങ്ങളിൽ കുറെയെണ്ണത്തെ കഴിഞ്ഞ ദിവസങ്ങളിൽ വനം വകുപ്പധികൃതർ വനത്തിലേക്ക് തുരത്തി വിട്ടിരുന്നു. എന്നാൽ ഇവയിൽ ഭൂരിഭാഗവും തിരികെ ഫാമിനുള്ളിലേക്ക് തന്നെ പ്രവേശിച്ചതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം പുനരധിവാസ മേഖലിയിൽ വയനാട്ടിൽ നിന്നുള്ള കുടുംബങ്ങൾക്ക് പതിച്ചു നൽകിയ മേഖലിയിൽ പത്തോളം ആനകളെ കണ്ടെന്നാണ് പ്രദേശ വാസികൾ പറയുന്നത്. ഇവരുടെ വാഴക്കൃഷിയും തേനീച്ച കൃഷിയും കാട്ടാനകൾ നശിപ്പിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: