തലശ്ശേരി അണ്ടലൂരിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമായി

തലശ്ശേരി: ബുധനാഴ്ച പുലർച്ചെ മേലൂർ മണലിൽനിന്ന് ഓലക്കുട എത്തിയതോടെ അണ്ടലൂർ ക്ഷേത്രത്തിൽ തെയ്യാട്ടങ്ങൾക്ക് തുടക്കമായി. ഇനി നാലുനാൾ ക്ഷേത്രസന്നിധിയിൽ ഭക്തരോടൊപ്പം ഇഷ്ടദൈവങ്ങൾ കെട്ടിയാടും. ചൊവ്വാഴ്ച രാവിലെ 9.30 ഓടെ ഉത്സവത്തിന് കൊടി ഉയർന്നു. ചന്ദ്രമ്പത്ത് തറവാട്ടിലെ വലിയ എബ്രാൻ രഘുനാഥാണ് കൊടിയേറ്റ ചടങ്ങിന് മുഖ്യകാർമ്മികനായത്. സന്ധ്യയ്ക്ക് ക്ഷേത്രത്തിൽനിന്ന് കൊളുത്തിയ ദീപവും പൂജാദ്രവ്യങ്ങളുമായി പരമ്പരാഗത വഴിയിലൂടെ സ്ഥാനികൻ മേലൂർ കുറുവൈക്കണ്ടി തറവാട്ടിലെ ഗുരുസ്ഥാനത്ത് എത്തിയതോടെയാണ് കുട പുറപ്പെടുന്ന ചടങ്ങുകൾക്ക് തുടക്കമായത്. ഓലക്കുടയുമായി കണിശസ്ഥാനികനും തിരുവായുധവുമായി പെരുംകൊല്ലനും എത്തി. ചടങ്ങുകൾക്കു ശേഷം മേലൂർ മണലിൽ എത്തിക്കുന്ന കുട ഭക്തജനങ്ങൾ വണങ്ങിയശേഷം വ്രതനിഷ്ഠരായ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ദൈവത്താറിന്റെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഓലക്കുട ക്ഷേത്രത്തിലെത്തിയതോടെ ഉത്സവത്തിന്റെ ഭാഗമായ കെട്ടിയാട്ടങ്ങൾക്ക് തുടക്കമായി. മേലൂർ ദേശവാസികളുടെ വകയായി കരിമരുന്ന് പ്രയോഗം നടന്നു.
രണ്ടാംദിവസമായ തിങ്കളാഴ്ച തന്ത്രികർമവും കലശപൂജയും നടന്നു. തെയ്യാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മൂത്തകൂർ പെരുവണ്ണാൻ രാത്രി ക്ഷേത്രത്തിലെത്തി. പാണ്ട്യഞ്ചേരിപ്പടിയിൽ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ക്ഷേത്രത്തിൽ ചക്കകൊത്തും ചക്കനിവേദ്യവും നടന്നു.
ബുധനാഴ്ച പുലർച്ചെ അതിരാളവും മക്കളും (സീതയും ലവകുശന്മാരും) ശേഷം നാഗകണ്ഠൻ, നാഗ ഭഗവതി, തൂവക്കാലി, മലക്കാരി, പൊൻമകൻ, പുതുചേകോൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് ബാലിസുഗ്രീവ യുദ്ധം. വൈകീട്ട് ആറോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊൻമുടി അണിയും. രാത്രി താഴെക്കാവിലേക്ക് എഴുന്നള്ളത്ത് എന്നിവ നടക്കും. താഴെക്കാവിൽ സീതയെ വീണ്ടെടുക്കാൻ ലങ്കയിൽ നടന്ന യുദ്ധത്തെ പ്രതിനിധീകരിക്കുന്ന ആട്ടങ്ങൾ നടക്കും. ഞായറാഴ്ച പുലർച്ചെ തിരുമുടിയും തിരുവാഭരണങ്ങളും അറയിൽ തിരികെ വയ്ക്കുന്നതോടെ ഉത്സവം സമാപിക്കും.