ചാണോക്കുണ്ട് പാലം നാളെ നാടിന് സമര്‍പ്പിക്കും

തളിപ്പറമ്പ് കൂര്‍ഗ് അന്തര്‍ സംസ്ഥാന പാതയിലെ ചപ്പാരപ്പടവ് ചാണോക്കുണ്ട് പാലത്തിന് പകരം നിര്‍മ്മിച്ച പുതിയ പാലം നാളെ ( ഫെബ്രുവരി 18) വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കരുണാപുരം സെന്റ് ജൂഡ് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിക്കും. ഇടുങ്ങിയതും അപകട സാധ്യത ഏറിയതുമായ പാലത്തിന് പകരം പാലം വേണമെന്ന ചാണോക്കുണ്ട് നിവാസികളുടെ നീണ്ട നാളത്തെ ആവശ്യത്തിനാണ് പരിഹാരമായത്.
തളിപ്പറമ്പ്-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡിലെ ചാണോക്കുണ്ടില്‍ നേരത്തെ ഉണ്ടായിരുന്ന പാലത്തിന്റെ അപകട സാധ്യത മുന്‍നിര്‍ത്തിയാണ് പുതിയ പാലം നിര്‍മ്മിച്ചത്. താല്‍ക്കാലികമായി അനുബന്ധ റോഡ് നിര്‍മ്മിച്ച് ഗതാഗതയോഗ്യമാക്കി നിലവിലുള്ള പാലത്തിന്റെ സ്ഥാനത്ത് റോഡിന്റെ അലൈന്മെന്റില് തന്നെയാണ് പുതിയ പാലം നിര്‍മ്മിച്ചത്. 16.80 മീറ്റര്‍ നീളത്തില്‍ 1.50 മീറ്റര്‍ വീതിയിലുള്ള നടപ്പാതകള്‍ ഉള്‍പ്പെടെ 11.05 മീറ്റര്‍ വീതിയില്‍ അനുബന്ധ റോഡുകള്‍ ഉള്‍പ്പെടെയാണ് നിര്‍മ്മാണം. 1.74 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച പ്രവൃത്തിയുടെ ഭാഗമായി ട്രിപ്പിള്‍ ആര് സി സി ബോക്സ് കല്‍വര്‍ട്ടും നിര്‍മ്മിച്ചിട്ടുണ്ട്.