മാട്ടറയിൽനിന്ന്‌ ആലച്ചേരിയിലേക്ക്‌ ഒരു ലോഡ്‌ സ്‌നേഹം

ഇരിട്ടി: ചെറിയ സഹായങ്ങൾ ചേരുമ്പോഴുണ്ടാകുന്ന വലിയ നന്മയെക്കുറിച്ചാണ്‌ മാട്ടറയിലെ യുവത പറയുന്നത്‌. മാർച്ച്‌ ഒന്നിന്‌ മാട്ടറയിൽനിന്ന്‌ പുറപ്പെടുന്ന ഒരു ലോഡ്‌ സ്‌നേഹം പേരാവൂർ ആലച്ചേരിയിലെ സ്നേഹഭവനിലെത്തും. ആരോരുമില്ലാത്ത സ്‌നേഹഭവൻ അന്തേവാസികൾക്കായി ഡിവൈഎഫ‌്ഐ മാട്ടറ യൂണിറ്റാരംഭിച്ച ഉൽപ്പന്നശേഖരണമാണ്‌ ഒരു ഗ്രാമം മുഴുവൻ ഏറ്റെടുത്തത്‌.
അരി, തേങ്ങ, പലവ്യഞ്ജനം, പച്ചക്കറി, വിറക്, പുതുവസ്ത്രങ്ങൾ എന്നിവയാണ‌് സമാഹരിക്കുന്നത‌്. 13 മുതൽ 29 വരെയുള്ള ദിവസങ്ങൾക്കുള്ളിൽ മാട്ടറയിലെ മുഴുവൻ വീടുകളെയും ഈ സ്‌നേഹയാത്രയോടൊപ്പം ചേർക്കുകയാണ്‌ ലക്ഷ്യം. വൈകിട്ട‌് ആറുമുതൽ 7.30 വരെ ഡിവൈഎഫ‌്ഐ വളണ്ടിയർമാർ വീട്‌ സന്ദർശിച്ച്‌ ഉൽപ്പന്നങ്ങൾ ശേഖരിക്കും. മാട്ടറ ഇ എം എസ‌് ഭവനിൽ ഉൽപ്പന്നങ്ങൾ നേരിട്ട‌് സ്വീകരിക്കാൻ സംഭരണകേന്ദ്രവുമാരംഭിച്ചിട്ടുണ്ട്‌.
മാർച്ച‌് ഒന്നിന‌് വൈകിട്ട‌് 4.30ന്‌ ആലച്ചേരിയിലേക്കുള്ള ഉൽപ്പന്നങ്ങളുമായുള്ള സ‌്നേഹയാത്ര സിപിഎം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി കെ ശശി ഉദ‌്ഘാടനംചെയ്യും.
വൈകിട്ട‌് ഏഴിന‌് സ‌്നേഹഭവനിൽ ഒരുക്കുന്ന സ‌്നേഹസംഗമം സിപിഎം ഏരിയാ സെക്രട്ടറി ബിനോയ‌് കുര്യൻ ഉദ‌്ഘാടനംചെയ്യും. സ‌്നേഹഭവൻ അന്തേവാസികൾക്കൊപ്പം ഡിവൈഎഫ‌്ഐ പ്രവർത്തകരുടെ അത്താഴവിരുന്നും കലാപരിപാടികളും നടക്കും. 
ഉൽപ്പന്നശേഖരണം ബ്ലോക്ക‌് പ്രസിഡന്റ‌് കെ എസ‌് സിദ്ധാർഥദാസ‌് ബെന്നി കിഴക്കേതയ്യിലിൽനിന്ന‌് അരിച്ചാക്ക‌് സ്വീകരിച്ച‌് ഉദ‌്ഘാടനംചെയ‌്തു. അനൂപ‌് തങ്കച്ചൻ അധ്യക്ഷനായി.

എല്ലാ വീടുകളിലും ജൈവപച്ചക്കറി കൃഷി പദ്ധതി, മാട്ടറ ഗവ. എൽപി സ‌്കൂൾ ദത്തെടുക്കൽ, സ‌്നേഹ വീട‌് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: