കണ്ണൂർ തയ്യിലിൽ കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടൽത്തീരത്തെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും കണ്ടെത്തി .

കണ്ണൂർ: വീട്ടിലെ കിടപ്പുമുറിയിൽനിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി. കണ്ണൂർ തയ്യിലിലെ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കൽഭിത്തികൾക്കിടിയിൽ കുരുങ്ങിയനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. രാത്രി കിടത്തിയുറക്കിയ വിയാനെ കാണാനില്ലെന്ന് അച്ഛൻ പ്രണവ് തിങ്കളാഴ്ച രാവിലെ പോലീസിൽ പരാതി നൽകിയിരുന്നു. അർധരാത്രി കുട്ടിയ്ക്ക് മരുന്നും പാലും നൽകിയ ശേഷം അച്ഛനൊപ്പം കിടത്തിയുറക്കിയെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാൽ രാവിലെ ആറുമണിയോടെ ഉറക്കമുണർന്നപ്പോൾ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു പ്രണവ് പറഞ്ഞത്. തുടർന്ന് ബന്ധുക്കളടക്കം തിരച്ചിൽ നടത്തി. ഇതിനുപിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.

പ്രണവിന്റെ പരാതിയിൽ പോലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് രാവിലെ 11 മണിയോടെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കടലിലേക്ക് ഇറങ്ങിനിൽക്കുന്ന കരിങ്കൽഭിത്തികൾക്കിടയിലായിരുന്നു മൃതദേഹം.

പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാൽ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: