ഭിന്നശേഷിക്കാരുടെ രഞ്ജി ട്രോഫി കേരളാ ടീമിൽ ഇടംനേടി തളിപ്പറമ്പുകാരനും

തളിപ്പറമ്പ്:– അപ്രതീക്ഷിതമായി തിരിഞ്ഞു വരുന്ന പന്തുകൾ പോലെ ജീവിതവും വലി യൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ് തളിപ്പറമ്പ് – സ്വദേശി മുഹമ്മദ് റമീസ് കുട്ടുക്കൻ എന്ന ഇരുപത്തിമൂന്നുകാരൻ .
വാട്സആപ്പില്‍ ലഭിച്ച ഒരു സന്ദേശം തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റുന്ന ഒന്നാണെന്ന് റമീസ് ഒരിക്കലും കരുതിയിരുന്നില്ല. ഭിന്നശേഷിക്കാരുടെ പ്രഥമ രഞ്ജിട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളാ ടീമിലേക്ക് സെലക്ഷന് റമീസിന് ലഭിച്ച വിവരം ഇന്നലെയാണ് അറിഞ്ഞത്.
സെലക്ഷന് നടക്കുന്ന കാര്യം സുഹൃത്ത് സല്മാന് ഫാരിസ് അയച്ച ഒരു വാട്സപ്പ് സന്ദേശത്തിലൂടെയാണ് റമീസ് അറിഞ്ഞത്. കണ്ണൂരില്‍ നിന്നും സെലക്ഷനില്‍ പങ്കെടുത്ത മൂന്നുപേരില്‍ റമീസിനെ മാത്രമാണ് കേരളാ ടീമിലേക്ക് എടുത്തത്.
വലതു കൈക്ക് ജന്മനാഉളള വൈകല്യത്തെ അതിജീവിച്ചാണ് റമീസ് ക്രിക്കറ്റില്‍ സജീവമായത്. പേസ് ബൗളറായ റമീസ് ഫീല്‍ഡിങ്ങിലും കേമനാണ്. മികച്ച ഫുട്ബോളര് കൂടിയാണ് റമീസ്. പുഷ്പഗിരി ഗാന്ധി നഗര്‍ സ്പോര്‍ഡ്സ് ക്ലബ്ബിലൂടെയാണ് കളി തുടങ്ങിയത്.
കാനന്നൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ടീമിലും അംഗമായി. മാര്‍ച്ച് നാലിന് ഹൈദരാബാദിലാണ് ഭിന്നശേഷിക്കാരുടെ പ്രഥമ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
പ്രഥമ രഞ്ജി ട്രോഫിയില്‍ ആന്ധ്രപ്രദേശും തെലങ്കാനയും പോണ്ടിച്ചേരിയും ഉള്‍പ്പെടുന്ന സൗത്ത് സോണിലാണ് കേരളാ ടീമുള്ളത്. ടൂര്‍ണമെന്റിനു മുന്നോടിയായി മധ്യപ്രദേശില്‍ 19ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി റമീസ് ഇന്നലെ പുറപ്പെട്ടു.
തളിപ്പറമ്പ് പുഷ്പഗിരിയിലെ ബൈത്തുല്‍ റിസ് വായിലെ അബ്ദുറഫിമാന്റെയും ഫാത്തിമയുടെയും മകനാണ് റമീസ്. സഹോദരങ്ങള്‍ റയീസ്, റിസ് വാന. റമീസിന്റെ പേസ് മാന്ത്രികതയ്ക്കുമുന്നില് എതിര്‍ടീമുകാര്‍ തകര്‍ന്നടിയുന്നത് കാണാനുളള കാത്തിരിപ്പിലാണ് നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും.