ആവേശത്തിരയിളക്കമായി എം. മുകുന്ദന് സ്വീകരണം; സാഹിത്യോത്സവം ഉജ്ജ്വലമായി

എടക്കാട്:എടക്കാട് സാഹിത്യവേദി സംഘടിപ്പിച്ച ലിറ്റററി ഫെസ്റ്റിവൽ പരിപാടികളുടെ വൈവിധ്യവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. പ്രമുഖ എഴുത്തുകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ഭീഷണമായ വെല്ലുവിളികളുടെ ഈ കാലഘട്ടത്തെ എഴുത്തുകാരും വായനക്കാരും സ്വന്തം രീതികളിൽ അതിജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കടന്നുകയറ്റങ്ങളെ പ്രാദേശികമായ ഭാഷയും സംസ്കാരവും കൊണ്ട് നേരിടണം. കേരളത്തിൽ മുമ്പും മനുഷ്യരുടെ നിലവിളി ഉയർന്നിരുന്നെങ്കിലും ഇന്ന് ചുറ്റും ഉയരുന്നത് സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും രോദനത്തോടൊപ്പം, പുഴകളുടെയും വയലുകളുടെയും കുന്നുകളുടെയും നിലവിളി കൂടിയാണ്. ഇത് കേൾക്കാതിരിക്കാൻ എഴുത്തുകാർക്കാവില്ല. മനുഷ്യനെ മാത്രമല്ല മറ്റ് ജീവജാലങ്ങളെക്കൂടി ഉൾക്കൊള്ളാൻ കഴിയുംവിധം ഇടതുപക്ഷം എന്ന സങ്കൽപം വിശാലമാകേണ്ടതുണ്ടെന്ന് എം. മുകുന്ദൻ പറഞ്ഞു.

എഴുത്തച്ഛൻ പുരസ്കാരം നേടിയ എം.മുകുന്ദനെ ശിങ്കാരിമേളം, മുത്തുക്കുട, കോൽക്കളി മുതലായവയുടെ അകമ്പടിയോടെ സർവകക്ഷി ഘോഷയാത്രയായാണ് ഫെസ്റ്റ് നഗരിയിലേക്ക് ആനയിച്ചത്. കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശൻ പൗരാവലിയുടെ സ്നേഹോപഹാരമായി സുവർണ നെറ്റിപ്പട്ടം കൈമാറി.

സാഹിത്യവേദിയുടെ പ്രഥമ സാഹിത്യ പുരസ്ക്കാരം കഥാകൃത്ത് വിനോയ് തോമസിന് മുകുന്ദൻ സമർപ്പിച്ചു.

കഥാകൃത്ത് പി.കെ. പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി.
ഗാന്ധിക്കു നേരെ വീണ്ടും നിറയൊഴിക്കുകയും, ഗോഡ്സെക്ക് സ്മാരകം പണിയുകയും ചെയ്യുന്ന അസംബധ്ധങ്ങള്‍ നിറഞ്ഞ ആസുരകാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരോട് അടക്കമുള്ള ഫാസിസ്റ്റ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം വിട്ടെറിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും പാറക്കടവ് പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ ഡോ: എ.വൽസലൻ അദ്ധ്യക്ഷത വഹിച്ചു.

‘ഭൂമിക’ മാഗസിന്റെ പ്രകാശനം ഡോ. എ.ടി. മോഹൻരാജ് നിർവഹിച്ചു. കവി ഷുക്കൂർ പെടയങ്ങോട് ഏറ്റുവാങ്ങി. സാഹിത്യ മത്സര വിജയികൾക്ക് ടി.കെ. ഡി. മുഴപ്പിലങ്ങാട് സമ്മാനദാനം നടത്തി. കണ്ണൂർ പ്രസ് ക്ലബ്ബ് പ്രസിഡൻറ് എ.കെ. ഹാരിസ്, ഡോ. ലിജി നിരഞ്ജന, അംബുജം കടമ്പൂര് എന്നിവർ പ്രസംഗിച്ചു. എം.കെ. അബൂബക്കർ സ്വാഗതവും സതീശൻ മോറായി നന്ദിയും പറഞ്ഞു. കബീർ ഇബ്രാഹിം നയിച്ച ഗസൽ മെഹഫിലും ഉണ്ടായി.

നേരത്തേ സാഹിത്യ സംവാദത്തിൽ ടി.പി. വേണുഗോപാലൻ മോഡറേറ്ററായി. ദാമോദരൻ കുളപ്പുറം, വിനോയ് തോമസ്, ഡോ: ലിജി നിരഞ്ജന, അംബുജം കടമ്പൂർ, സതീശൻ മോറായി സംസാരിച്ചു. ദിവാകരൻ വിഷ്ണുമംഗലം കവിത അവതരിപ്പിച്ചു.

പ്രദേശത്തുകാരായ ഇരുപത്തഞ്ചോളം എഴുത്തുകാരുടെ നൂറിലധികം പുസ്തകങ്ങളുടെ പ്രദർശനം കടമ്പൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ശ്യാമള ഉദ്ഘാടനം ചെയ്തു.
============================

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: