പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിൻ വിദ്യാർഥികൾ ഏറ്റെടുക്കണം-എം വിജിൻ

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന വസ്തുക്കൾ ഉപേക്ഷിക്കാനുള്ള പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ ക്യാമ്പയിൻ വിജയിപ്പിക്കാൻ വിദ്യാർഥികളും മുന്നിട്ടിറങ്ങണമെന്ന് എം വിജിൻ എംഎൽഎ. ‘കലക്ടേഴ്സ് അറ്റ് സ്കൂൾ’ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ശുചിത്വമിഷൻ തയ്യാറാക്കിയ ‘എന്റെ പരിസരങ്ങളിൽ’ എന്ന ഹ്രസ്വചിത്രപ്രദർശനത്തിന്റെ കല്ല്യാശ്ശേരി നിയോജക മണ്ഡലതല ഉദ്ഘാടനവും ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ പോസ്റ്റർ പ്രകാശനവും കൊട്ടില ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്ല്യാശ്ശേരി ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർ ജീന കൃഷ്ണൻ പദ്ധതി വിശദീകരിച്ച് വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, കൊട്ടില ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ കെ പ്രകാശൻ, ഹെഡ്മിസ്ട്രസ് ടി പി രമണി, എം സുരേശൻ, പി അർച്ചന എന്നിവർ സംസാരിച്ചു.