തീവണ്ടികളിലെ പാഴ്‌സൽ വാഗണിൽനിന്ന് കവർച്ച: തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

കണ്ണൂർ : റെയിൽവേയുടെ പാഴ്‌സൽ വാഗണുകൾക്കുള്ളിൽനിന്ന്‌ വിലപിടിച്ച പാഴ്‌സലുകൾ മോഷ്ടിക്കുന്ന അന്തസ്സംസ്ഥാന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിയായ സയ്യിദ് ഇബ്രാഹി(48)മിനെയാണ് ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇബ്രാഹിം. ഇയാൾക്കുവേണ്ടി അന്വേഷണം നടക്കുന്നതിനിടെയാണ് ഉഡുപ്പിയിൽ മോഷണത്തിനായി എത്തിയ ഇബ്രാഹിമിനെ പിടിച്ചത്. തലശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ഇൻസ്പെക്ടർ ബിനോയ് ആന്റണി പറഞ്ഞു. അസി. സബ് ഇൻസ്പെക്ടർ എം.കെ.ശ്രീലേഷ്, അബ്ദുൾ സത്താർ, ഒ.കെ.അജീഷ്, സജേഷ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. തീവണ്ടികളിലെ പാഴ്‌സൽ വാനിൽ കയറ്റിയയക്കുന്ന ടെക്സ്‌റ്റൈൽ ഉത്പന്നങ്ങൾ കൊള്ളയടിക്കുന്ന വലിയ സംഘവുമായി സയ്യിദ് ഇബ്രാഹിമിന് ബന്ധമുണ്ടെന്ന് ആർ.പി.എഫ്. പറഞ്ഞു. മുംബൈ ആസാദ് നഗറിൽ ഗാഢ്‌കോപ്പറിലുള്ള മൊഹിദീൻ മെഹ്‌ബൂബ് സയ്യിദ് (55) എന്ന അന്തസ്സംസ്ഥാന കുറ്റവാളിയെ ആർ.പി.എഫിന്റെ പ്രത്യേക സംഘം മുംബൈയിൽ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ പ്രധാനി മഹാരാഷ്ട്ര സ്വദേശി ചേതൻ രാംദാസിനെയും (28) മഡ്‌ഗോവയിൽനിന്ന്‌ സാഹസികമായി പിടിച്ചു. ഈ സംഘത്തിലുണ്ടായിരുന്ന മഹാരാഷ്ട്രാ സ്വദേശികളായ ഓംകാർ, മോറെ എന്നിവരുമായി ഇബ്രാഹിമിന് ബന്ധമുണ്ട്. സൂറത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് തീവണ്ടി മാർഗം കയറ്റിയയച്ച 15 ലക്ഷം രൂപയുടെ ടെക്സ്‌റ്റൈൽ ഉത്‌പന്നങ്ങൾ ഇവർ കൊള്ളയടിച്ചിരുന്നു. വണ്ടി രത്നഗിരിക്കും ഗോവക്കും ഇടയിൽ എത്തുമ്പോഴാണ് സംഘം കാത്തിരുന്ന് മോഷ്ടിക്കുക. തിരക്കില്ലാത്ത സ്ഥലങ്ങളിൽ വണ്ടി സിഗ്നൽ കാത്ത് നിൽക്കുമ്പോൾ പാഴ്‌സൽവാഗണിന്റെ ലോക്ക് പൊട്ടിച്ച് അകത്ത് കയറും. ഉള്ളിലെ സാധനങ്ങൾ പാളത്തിനരികെ ഇടും. പിന്നീട് ഇവ കടത്തും. കണ്ണൂരിൽ നാല് കേസുകളാണ് രജിസ്റ്റർചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: