പൂന്തുരുത്തി മുച്ചിലോട്ട് പെരുങ്കളിയാട്ടം കന്നിക്കലവറക്ക് കട്ടിള വെച്ചു

പയ്യന്നൂർ: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന പയ്യന്നൂർ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കന്നിക്കലവറക്ക് കട്ടിള വെച്ചു. ഭണ്ഡാരപ്പുരയുടെ കന്നിമൂലയിലായി കാറ്റുംവെളിച്ചവും കടക്കാത്ത രീതിയിൽ ഓലയും, മുളയും, പാലമരവും കൊണ്ടുണ്ടാക്കുന്ന കന്നിക്കലവറ കളിയാട്ടചടങ്ങുകളിൽ അതീവ പ്രാധാന്യം കൽപ്പിക്കുന്ന ഇടമാണ്. ഭഗവതിയുടെ തിരുമംഗല്യത്തിനുള്ള ആറ് നേരത്തെ സദ്യവട്ടങ്ങൾ ഒരുക്കുന്നതിനുള്ള വിഭവങ്ങൾ സമാഹരിക്കുന്നത് ദൈവ സാന്നിദ്ധ്യമുള്ള കന്നിക്കലവറയിലാണ്. ക്ഷേത്രം ജന്മാചാരി പുതിയ വീട്ടിൽ മാധവൻ വിശ്വകർമ്മന്റെ നേതൃത്വത്തിലാണ് പുതിയ പാലമരം കൊണ്ടുണ്ടാക്കിയ കട്ടിള തയ്യാറാക്കിയത്. വിധിയാംവണ്ണമുള്ള പൂജകൾക്കുശേഷം ശുദ്ധിവരുത്തി പൊന്നുവെച്ച കട്ടിള ക്ഷേത്രേശന്മാരുടെയും, വാല്യക്കാരുടെയും, ആഘോഷകമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പത്തിനും പത്തരക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ കലവറയുടെ കിഴക്കുഭാഗത്തായി സ്ഥാപിച്ചു.

കളിയാട്ടത്തിനാവശ്യമായ ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും വരച്ചുവെക്കലിന് ശേഷമുള്ള കലവറനിറക്കൽ ചടങ്ങിന് കന്നിക്കലവറയിലേക്ക് എത്തിക്കും. കെടാവിളക്കിൽ ദേവീസാന്നിധ്യമുള്ള കന്നിക്കലവറയിലെത്തിച്ച സാധനങ്ങൾക്കൊന്നും കളിയാട്ടം കഴിയുന്നതുവരെ ഒരു കുറവും വരില്ല എന്നാണ് വിശ്വാസം.ചടങ്ങിൽ എം സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പടോളി രാജേന്ദ്രൻ അന്തിത്തിരിയൻ അധ്യക്ഷത വഹിച്ചു.രാജീവൻ പച്ച നന്ദി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: