എസ്ഡിപിഐ നേടിയത് 102 സീറ്റുകള്‍; കണ്ണൂരിലും മികച്ച നേട്ടം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്ഡിപിഐയ്ക്കു മിന്നും ജയം. സംസ്ഥാനത്ത് വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 102 സീറ്റുകളിലാണ് എസ്ഡിപിഐ വിജയം കൊയ്തത്. തിരുവനന്തപുരം കോര്‍പറേഷനുകളിലുള്‍പ്പെടെ പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ചു പോരാട്ടമാണ് എസ് ഡിപിഐ നടത്തിയത്. 2015ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 47 സീറ്റുണ്ടായിരുന്ന സ്ഥാനത്താണ് ഒരു മുന്നണിയുടെയും ഭാഗമാവാതെ നൂറിലധികം സീറ്റുകള്‍ നേടിയത്. 200ലേറെ സീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തെത്തിയ പല വാര്‍ഡുകളിലും 10ല്‍ താഴെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

കൊല്ലം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റ് ഇത്തവണ നിലനിര്‍ത്തി. ആലപ്പുഴ, പെരുമ്പാവൂര്‍, ചിറ്റൂര്‍ തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നിലേശ്വരം മുനിസിപ്പാലിറ്റികളില്‍ അക്കൗണ്ട് തുറന്ന പാര്‍ട്ടി പത്തനംതിട്ട, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റികളില്‍ നിര്‍ണായകമാണ്. തിരുവല്ല മുനിസിപ്പാലിറ്റിയില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബഡാജെ ഡിവിഷനില്‍ ഹമീദ് ഹൊസങ്കടി വിജയിച്ചു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയില്‍ അഞ്ചു സീറ്റും പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ നാലു സീറ്റും കണ്ണൂര്‍ ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മൂന്നു സീറ്റും നേടി. തിരുവനന്തപുരം (10), കൊല്ലം (10), പത്തനംതിട്ട (6), ആലപ്പുഴ (13), കോട്ടയം (10), ഇടുക്കി (1), കാസര്‍കോഡ് (9), കണ്ണൂര്‍ (13), കോഴിക്കോട് (4), മലപ്പുറം (9), പാലക്കാട് (7), തൃശൂര്‍ (5), എറണാകുളം (5) സീറ്റുകളാണ് നേടിയത്. എസ് ഡിപിഐ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട് ഈ മുന്നേറ്റത്തിന് കരുത്തായി മാറിയ വോട്ടര്‍മാരെയും സിറ്റിങ് വാര്‍ഡിലുള്‍പ്പെടെ ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി വിജയം നേടിയ ജനപ്രതിനിധികളെയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭിനന്ദിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: