ചങ്കിടിപ്പില്ലാതെ ഇത്തവണ കണ്ണൂർ കോർപ്പറേഷൻ യു.ഡി.എഫിന് ഭരിക്കാം; 55 ൽ 34 ഡിവിഷനുകളിലും വിജയം

തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന കണ്ണൂർ കോർപറേഷനിൽ വ്യക്തമായ ഭൂരിപക്ഷം നേടി യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടതെങ്കിൽ ഇക്കുറി ഇത്തരം അനിശ്ചിതത്വങ്ങളൊന്നും നേരിടേണ്ടി വന്നില്ല. ആകെയുള്ള 55 ഡിവിഷനുകളിൽ 34 എണ്ണത്തിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. 2015ലെ തിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ 7 അധിക സീറ്റുകളാണ് യുഡിഎഫ് ഇത്തവണ സ്വന്തമാക്കിയത്.

അതേസമയം എൽഡിഎഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയ സീറ്റുകൾ നിലനിർത്താൻ സാധിച്ചില്ല. 19 സീറ്റിലാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.

കണ്ണൂർ കോർപ്പറേഷനിൽ ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച പള്ളിക്കുന്ന് വാർഡിലാണ് ബിജെപിയുടെ വി.കെ ഷൈജു വിജയിച്ചത്. 200ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നാലാം വാർഡ് പള്ളിക്കുന്നിൽ ബിജെപി സ്ഥാനാർഥിയുടെ വിജയം.

51-ആം വാർഡായ കാനത്തൂരിൽ സ്വതന്ത്രസ്ഥാനാർഥിയാണ് വിജയിച്ചത്. 300ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വതന്ത്ര സ്ഥാനാർഥിയായ സുരേഷ് കെ വിജയിച്ചത്. ബിജെപി സ്ഥാനാർഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്തത്.

2015ലെ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷൻ ഫലം സംസ്ഥാന തലത്തിൽത്തന്നെ ചർച്ചാവിഷയമായിരുന്നു ആകെയുള്ള 55 ഡിവിഷനുകളിൽ 27 വീതം യു.ഡി.എഫിനും എൽ.ഡി.എഫിനും ലഭിച്ചു. ഒരു സീറ്റ് കോൺഗ്രസ് വിമതനായി മത്സരിച്ച പി.കെ.രാഗേഷിനും. രാഗേഷിന്റെ പിന്തുണയോടെ എൽ.ഡി.എഫിന് മേയർ പദവി ലഭിക്കുകയായിരുന്നു. രണ്ട് വർഷത്തിനു ശേഷം പികെ രാഗേഷ് ഇടതുമുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതോടെ ബാക്കിയുള്ള മൂന്ന് വർഷം ലീഗും കോൺഗ്രസും കോർപ്പറേഷൻ മേയർ പദവി പങ്കിട്ടുഭരിച്ചു.

നിലവിൽ ഡെപ്യൂട്ടി മേയറായ പികെ രാഗേഷ് ഇക്കുറി യുഡിഎഫ് ടിക്കറ്റിൽ ആലിങ്കീൽ ഡിവിഷനിൽ നിന്ന് ജനവധി തേടിയിരുന്നു. 300ൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പികെ രാഗേഷ് വിജയിച്ചത്. കെപിസിസി ജന.സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് പള്ളിയമ്മൂല വാർഡിൽ നിന്ന് വിജയിച്ചു. എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി എൻ സുകന്യ പൊടിക്കുണ്ട് വാർഡിൽ നിന്ന് വിജയിച്ചു.

കണ്ണൂർ കോർപ്പറേഷൻ വോട്ട് നില 2020

ആകെ സീറ്റുകൾ-55

യുഡിഎഫ്-34

എൽഡിഎഫ്-19

ബിജെപി-1

സ്വതന്തൻ-1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: