കാരാട്ട് ഫൈസലിന്റെ വാർഡിൽ എൽ ഡി എഫിന് ഒരു വോട്ടു പോലും ലഭിച്ചില്ല; സംപൂജ്യനായി എൽ.ഡി.എഫ് സ്ഥാനാർഥി

സ്വർണ്ണക്കടത്തുകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയത കാരാട്ട് ഫൈസൽ വിജയിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ട് പോലും ലഭിച്ചില്ല. സ്ഥാനാർത്ഥിക്ക് വാർഡിൽ വോട്ടില്ലായിരുന്നു. ബിജെപിക്ക് 50 വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ തോൽവി. അതേസമയം ഫൈസലിന്റെ അപരന് ലഭിച്ചത് ഏഴ് വോട്ടാണ്.

സ്വർണ്ണക്കടത്തുകേസിൽ ബന്ധപ്പെട്ടതിനെ തുടർന്ന്  എൽഡിഎഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്. ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സംസ്ഥാന നേതൃത്വം സ്വാനാർത്ഥി പട്ടികയിൽ നിന്ന് കാരാട്ട് ഫൈസലിനെ വെട്ടുകയായിരുന്നു.

ഫൈസലിന് പകരം ഐഎൻഎൽ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ടുമായ ഒപി റഷീദാണ് പതിനഞ്ചാം ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി മൽസരിച്ചത്. എൽഡിഎഫിന് സ്ഥാനാർത്ഥിയുണ്ടെങ്കിലും സ്ഥലത്തെ എൽഡിഎഫ് പ്രവർത്തകരുടെ പിന്തുണ കാരാട്ട് ഫൈസലിന് തന്നെയാണെന്നും, ഇടത് സ്ഥാനാർത്ഥി ഡമ്മി മാത്രമാണെന്നുമുള്ള ആരോപണം യുഡിഎഫ് അടക്കം ഉയർത്തിയിരുന്നതാണ്.

ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ഇടതു മുന്നണി നേതാക്കള്‍ ശ്രമിച്ചിരുന്നെങ്കിലും മല്‍സരിക്കാനുളള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അവസാനനിമിഷം വരെയും ഫൈസലിനോട് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു ഇടത് നേതൃത്വം. അവസാനം പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ഫൈസലെത്തി പത്രിക സമർപ്പിച്ചത്.

ഫൈസലിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും ഫ്ലക്സ് ബോര്‍ഡ‍ുകളും എല്ലാം തയ്യാറായ ശേഷമാണ്  സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ഫൈസലിനെ സ്ഥാനാർത്ഥിയാക്കുന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ സിപിഎം ഫൈസലിനോട് പിന്‍മാറാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പിടിഎ റഹീം എംഎൽഎ അടക്കം ഫൈസലുമായി ചർച്ച നടത്തുകയും ചെയ്തിീരുന്നു. കൊടുവളളിയിലെ സാധാരണ ജനങ്ങളുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഫൈസൽ പറഞ്ഞത്.

4 വർഷം മുമ്പ് കരിപ്പൂർ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് കാരാട്ട് ഫൈസൽ. ഈ കേസിൽ വലിയ തുക കസ്റ്റംസ് ഫൈസലിന് പിഴ ശിക്ഷ നിർദ്ദേശിച്ചിരുന്നു. കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സന്ദീപിന്‍റെ ഭാര്യയുടെ മൊഴിയനുസരിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഫൈസലിനെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസെടുത്തിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: