മുൻസിപ്പാലിറ്റികളിൽ യു.ഡി.എഫ് മുന്നിൽ; കോർപറേഷനിൽ എൽ.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. ആദ്യ ജയം യു.ഡി.എഫിന്. ആദ്യ ഫലസൂചനയിൽ കൊല്ലം തിരുവനന്തപുരം കോർപറേഷനുകളിൽ എൽ.ഡി.എഫ് മുന്നിൽ. നിലവിൽ മുനിസിപ്പാലിറ്റികളിൽ യു.ഡി.എഫാണ് മുന്നിട്ടു നിൽക്കുന്നത്. 14 മുൻസിപ്പാലിറ്റികളിൽ യു.ഡി.എഫും ആറിടത്ത് എൽ.ഡി.എഫും മുന്നിലാണ്. ഉച്ചയോടെ മുഴുവൻ ഫലങ്ങളും അറിയാം.
244 വോെട്ടണ്ണൽ കേന്ദ്രങ്ങളിലാണ് കൗണ്ടിങ് തുടരുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഗ്രാമപഞ്ചായത്ത് ഫലം 11 മണിയോടെ പൂർത്തിയാകും. ഉച്ചയോടെ നഗരസഭകൾ അടക്കം മുഴുവൻ ഫലവും വരും. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 21,861 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ പോളിങ് 76.18 ശതമാനമാണ്.
സ്ഥാനാർഥികൾ മരിച്ചതിനെ തുടർന്ന് ഏതാനും വാർഡുകളിൽ വോെട്ടടുപ്പ് നടന്നിട്ടില്ല. 941 ഗ്രാമപഞ്ചായത്തുകളിലായി 15,967, 152 ബ്ലോക്കുകളിലായി 2076, 14 ജില്ല പഞ്ചായത്തുകളിലായി 331, 86 മുനിസിപ്പാലിറ്റികളിലായി 3078 ( ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂർ നഗരസഭ ഇതിൽ ഉൾപ്പെടുന്നില്ല) ആറ് കോർപറേഷനുകളിലായി 414 എന്നിങ്ങനെയാണ് വാർഡുകളുടെ എണ്ണം. മത്സരിച്ചത് 74,899 സ്ഥാനാർഥികൾ.
ജില്ലകളിലെ കൗണ്ടിങ് കേന്ദ്രങ്ങൾ: തിരുവനന്തപുരം- 16, കൊല്ലം- 16, പത്തനംതിട്ട- 12, ആലപ്പുഴ- 18, കോട്ടയം- 17, ഇടുക്കി- 10, എറണാകുളം- 28, തൃശൂര്‍- 24, പാലക്കാട്- 20, മലപ്പുറം- 27, കോഴിക്കോട്- 20, വയനാട്- ഏഴ്, കണ്ണൂര്‍- 20, കാസർകോട് – ഒമ്പത്.