വിമാന സീറ്റിനുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയില്‍
തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു വന്ന എമിറേറ്റ്സ് വിമാനത്തിലെ സീറ്റിനുള്ളില്‍ നിന്നാണ് രണ്ടു കിലോ സ്വര്‍ണം പിടി കൂടിയത്.സ്വര്‍ണം കണ്ടെത്തിയ സീറ്റിലിരുന്ന വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ സഫീറിനേയും സഹയാത്രക്കാരിയായ പ്രിജി സിമിയേയും ഡിആര്‍ഐ ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ നാലിനാണ് സംഭവം. ദുബായില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന എമിറേറ്റ്സ് വിമാനത്തില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പരിശോധന നടത്തുകയായിരുന്നു. സ്വര്‍ണം കണ്ടെത്തിയ സീറ്റില്‍ യാത്ര ചെയ്തിരുന്നത് വഞ്ചിയൂര്‍ ക്രൈം എസ്ഐയും വനിതാ സുഹൃത്തുമായിരുന്നു. ഇവരെ ഡിആര്‍ഐ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവര്‍ രണ്ടുപേരും ദുബായിലേക്ക് പോയതും തിരികെ വന്നതും ഒന്നിച്ച് ടിക്കറ്റെടുത്താണ്.കൂടാതെ വിമാനത്തിലെ അതേ നിരയിലുണ്ടായിരുന്ന മറ്റു യാത്രക്കാരേയും ചോദ്യം ചെയ്യുന്നുണ്ട്. എസ്ഐ സഫീര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലീവിലായിരുന്നുവെന്ന വിവരമാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചിരിക്കുന്നത്. ദുബായില്‍ എന്താവശ്യത്തിനാണ് പോയതെന്ന അടക്കമുള്ള കാര്യങ്ങള്‍ ഡിആര്‍ഐ പരിശോധിക്കുകയാണ്. ബന്ധുക്കളെ കാണാന്‍ ദുബായില്‍ പോകുന്നുവെന്നാണ് സഫീര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നുത്.