വ്യാജ സ്വർണം പണയം വെച്ച് 72.70 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പയ്യന്നൂരിലെ ട്രാവൽസിൻ്റെ മറവിലും തട്ടിപ്പ്

തളിപ്പറമ്പിൽ വ്യാജ സ്വർണം പണയം വെച്ച് 72.70 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പയ്യന്നൂരിലെ ട്രാവൽസിൻ്റെ മറവിലും തട്ടിപ്പ് നടത്തി. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻ്റിന് സമീപം മാസങ്ങൾക്ക് മുമ്പ് യുവാവ് നടത്തിയ ട്രാവൽസിൽ ഉംറ വിസക്ക് പണം നൽകിയ വിശ്വാസികളെയാണ് യുവാവ് ചതിച്ചത്. പണം നൽകിയവരെ മലപ്പുറത്തെ ഫ്ലാറ്റിൽ കൊണ്ടു പോയി താമസിപ്പിക്കുകയും ഉംറക്കെത്തിയവരെ മടക്കയാത്രക്കുള്ള ടിക്കറ്റ് പോലും നൽകാതെ കബളിപ്പിച്ച സംഭവവും പുറത്തുവന്നു. ചില മധ്യസ്ഥർ ഇടപെട്ടാണ് ഇവരെ നാട്ടിലെത്തിച്ചത്.
കഴിഞ്ഞ ദിവസം വ്യാജ സ്വർണ്ണം പണയം വെച്ച് ബന്ധുക്കളായ സ്ത്രീകൾ ഉൾപ്പെട്ട പത്ത് പേർക്കെതിരെ കേസെടുത്ത പോലീസ് മുഖ്യ പ്രതിയായ തൃക്കരിപ്പൂർ തങ്കയത്തെതലയില്ലത്ത് ജാഫറിനെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്തിരുന്നു. സമാനമായ രീതിയിൽ പരിയാരത്തെ ഒരു ബേങ്കിലും വ്യാജ സ്വർണ്ണം പണയം വെച്ച് യുവാവ് പണം തട്ടിയെടുത്ത വിവരവും പുറത്തു വന്നിട്ടുണ്ട്. എന്നാൽ പണയ കാലാവധി ക്കിടയിൽ പണം അടച്ച് സ്വർണ്ണം തിരികെ എടുത്തതിനാൽ തട്ടിപ്പ് പുറത്തു വന്നില്ല. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്കാണ് ഒരു ലോക്കറ്റ് പ്രതി കാസറഗോഡ് സ്വദേശിയിൽ നിന്നും വാങ്ങിച്ചിരുന്നത്. വൻ വ്യാജ സ്വർണ്ണറാക്കിനെ കുറിച്ച് തളിപ്പറമ്പ് പോലീസിന് ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്.
സൗത്ത് ഇന്ത്യൻ ബേങ്കിൻ്റെ തളിപ്പറമ്പ് ശാഖയിൽ നിന്നും 2020 നവമ്പർ 25 മുതൽ 2022 നവമ്പർ 14 വരെയുള്ള കാലയളവിലാണ്
72.70 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്. രണ്ട് കിലോഗ്രാമും 73.9 ഗ്രാമും (2073. 9ഗ്രാം)വരുന്ന സ്വർണ ലോക്കറ്റുകൾ പണയം വെച്ച് ജാഫറും ബന്ധുക്കളും സുഹൃത്തുക്കളുമായ ഒമ്പത് പേരും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. അപ്രൈസറുടെ പരിശോധനയിൽ നാല് ഗ്രാം സ്വർണം പൂശിയ നിലയിലാണ് 18 ലോക്കറ്റുകളും കണ്ടെത്തിയത്. ഇക്കാരണത്താൽ സ്വർണ്ണാഭരണം വ്യാജമാണെന്ന് കണ്ടെത്താൻ മെഷീനുപയോഗിച്ച് പോലും കണ്ടെത്താൻ കഴിയാതെ പോയത്. ബേങ്കിലെ പണയ സ്വർണം തിരിച്ചെടുക്കാത്തതിനെ തുടർന്ന് ലേലം ചെയ്യുന്നതിനായി അധികൃതർ മുറിച്ച് പരിശോധിച്ചപ്പോഴാണ് ഈയക്കട്ടക്ക് പുറത്ത് സ്വർണം പൂശിയതാണെന്ന് കണ്ടെത്തിയത് .തുടർന്ന് ബാങ്ക് കണ്ണൂർ റീജിയണൽ മാനേജർ അബ്ദുൾ ജസീമിൻ്റെ പരാതിയിൽ
കേസെടുത്ത തളിപ്പറമ്പ് പോലീസ് മുഖ്യ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിയാരം, പഞ്ചാരക്കുളം ഏഴീലോട് സ്വദേശിനികളായ ബന്ധുക്കളായ ഏഴ് സ്ത്രീകളും ബേങ്കിൽ വ്യാജ സ്വർണം പണയപ്പെടുത്തിയ കേസിൽ പ്രതിപട്ടികയിലുണ്ട്. കൂട്ടുപ്രതികളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: