തദ്ദേശ തെരഞ്ഞെടുപ്പ്: പ്രിന്റിംഗ് പ്രസ്സുകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം: കണ്ണൂർ ജില്ലാ കലക്ടര്‍

1 / 100

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സ്ഥാനാര്‍ഥികള്‍ക്കുമുളള പോസ്റ്ററുകളും ലഘുലേഖകളും പരസ്യങ്ങളും അച്ചടിക്കുന്നതിനും പ്രസിദ്ധപ്പെടുത്തുന്നതിനും  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
എല്ലാ തെരഞ്ഞെടുപ്പ് ലഘുലേഖകളിലും പോസ്റ്ററുകളിലും നോട്ടീസുകളിലും കേരള പഞ്ചായത്ത് രാജ് ആക്ട് 124 വകുപ്പ് /കേരള മുനിസിപ്പാലിറ്റി ആക്ട് 148 വകുപ്പ് അനുസരിച്ച് അച്ചടിച്ച പ്രസ്സിന്റെയും പ്രസാധകന്റെയും പേരും വിലാസവും മുന്‍പേജില്‍ നല്‍കണം. പ്രസാധകന്‍ ഒപ്പിട്ട, അദ്ദേഹത്തെ നേരിട്ടറിയുമെന്ന് രണ്ടു പേര്‍ സാക്ഷ്യപ്പെടുത്തിയ പ്രഖ്യാപനത്തിന്റെ മാതൃക അടക്കമുള്ള രണ്ട് കോപ്പികള്‍ പ്രസ്സ് ഉടമ വാങ്ങി സൂക്ഷിക്കണം.
പോസ്റ്ററുകള്‍, ലഘുലേഖകള്‍, പരസ്യ പ്രസ്താവനകള്‍ എന്നിവയുടെ അച്ചടിച്ച കോപ്പികളുടെ എണ്ണം,  അച്ചടിക്ക് ഈടാക്കിയ കൂലി  എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണയിച്ചിട്ടുള്ള ഫോറത്തില്‍ രേഖപ്പെടുത്തി ഒപ്പ് വെച്ച് സാക്ഷ്യപ്പെടുത്തി, പ്രസാധകന്‍ സമര്‍പ്പിച്ച പ്രഖ്യാപനം, അച്ചടിച്ചതിന്റെ രണ്ട് പകര്‍പ്പുകള്‍ എന്നിവയോടൊപ്പം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം. അച്ചടിച്ച രേഖകളുടെയും പ്രസാധകന്‍ നല്‍കിയ പ്രഖ്യാപനത്തിന്റെയും ഓരോ പകര്‍പ്പ് അച്ചടിച്ചു കഴിഞ്ഞയുടന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അയച്ചുകൊടുക്കണം.  ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവോ, 2000 രൂപ വരെ പിഴയോ രണ്ടും കൂടിയോ  ശിക്ഷ ലഭിക്കുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: