ചാൾസ് ഇത് കാണുന്നുണ്ടോ? 15 വർഷം മുൻപ് കണ്ണൂർ കാരനായ സുഹൃത്ത് ഏൽപിച്ച അമൂല്യ നിധിയുമായി പെൺസുഹൃത്ത് ദുബായിൽ നിന്നു കണ്ണൂരിലെത്തി സുഹൃത്തിനെ തിരയുന്നു

കണ്ണൂർ ∙ സഹപ്രവർത്തകൻ പതിനഞ്ചു വർഷം മുൻപു സൂക്ഷിക്കാൻ ഏൽപിച്ച പൊതി; അത് അദ്ദേഹത്തെ തിരിച്ചേൽപിക്കാൻ മാത്രമാണ് ഈ പെൺസുഹൃത്ത് ദുബായിൽ നിന്നു കണ്ണൂരിലെത്തിയത്. പൊതിയിൽ എന്താണെന്നു അവർ ആരോടും പറഞ്ഞിട്ടില്ല. നിങ്ങൾ സുഹൃത്തിനെ കണ്ടുപിടിച്ചു തരൂ, അതു മാത്രമാണ് അവർ കണ്ണൂർ ടൗൺ പൊലീസിനോട് ആവശ്യപ്പെട്ടത്. പൊലീസും ഇപ്പോൾ‌ ഈ കൗതുകപ്പൊതിക്കു പിറകെയാണ്.

പൊലീസ് ഇങ്ങനെ പറയുന്നു: 15 വർഷം മുമ്പ് എറണാകുളത്തെ ഒരു കമ്പനിയിൽ ജോലിചെയ്തിരുന്നവരാണ് ഇരുവരും; നല്ല സുഹൃത്തുക്കൾ. ഇടയ്ക്ക് ഒരു ദിവസം ദീർഘയാത്ര ഉണ്ടെന്നു പറഞ്ഞു സുഹൃത്ത് പൊതി ഏൽപിച്ച് എങ്ങോട്ടോ പോയി. മാസങ്ങൾ കഴിഞ്ഞിട്ടും ഇയാൾ തിരിച്ചുവന്നില്ല.

പിന്നീട് യുവതി തഞ്ചാവൂർ സ്വദേശിയെ വിവാഹം ചെയ്തു ഗൾഫിലേക്കു താമസം മാറ്റി; പൊതിയുടെ കാര്യവും മറന്നു. 15 വർഷത്തിനു ശേഷം കഴിഞ്ഞ മാസം എറണാകുളത്തെ വീട്ടിലെത്തിയ സ്ത്രീയുടെ കണ്ണിൽ യാദൃച്ഛികമായി അന്നത്തെ ആ പൊതി പെട്ടു. കൗതുകത്തിന്റെ പുറത്തു തുറന്നുനോക്കി; സംഗതി അത്ര നിസ്സാരമല്ല. അതോടെ ഈ പൊതി എങ്ങനെയെങ്കിലും സുഹൃത്തിനെ കണ്ടെത്തി തിരികെ ഏൽപിക്കണമെന്ന് ഉറപ്പിച്ചു.

സഹപ്രവർത്തകനെ കണ്ടെത്താൻ പല വഴികളും നോക്കി. വിജയിച്ചില്ല. പൊതി എറണാകുളത്തുള്ള വീട്ടിൽ തന്നെ സൂക്ഷിച്ചു യുവതി വീണ്ടും ഗൾഫിലേക്ക് പറന്നു. എന്നാൽ പൊതിയിലുള്ള ‘സുപ്രധാന വസ്തു’വിനെക്കുറിച്ചുള്ള ചിന്ത നിരന്തരം അലട്ടിക്കൊണ്ടിരുന്നു. കണ്ണൂരിലാണ് തന്റെ വീടെന്ന് പണ്ടെങ്ങോ സുഹൃത്ത് പറഞ്ഞ കാര്യം ഇതിനിടയിൽ യുവതിയുടെ ഓർമയിലെത്തി. പിന്നെ താമസിച്ചില്ല, ഗൾഫിൽ നിന്നു യുവതി നേരെ കണ്ണൂരിലേക്ക്. അന്നത്തെ സഹപ്രവർത്തകന് ഇപ്പോൾ 40 വയസ്സു കാണുമെന്നാണ് സ്ത്രീ നൽകിയ വിശദാംശങ്ങളിൽ നിന്നു പൊലീസ് അനുമാനിക്കുന്നത്.

ഇയാൾ പയ്യന്നൂരിനെക്കുറിച്ചു പറഞ്ഞിട്ടുണ്ടെന്നും സ്ത്രീ ഓർക്കുന്നു. ഇദ്ദേഹത്തിന്റെ അച്ഛൻ പോസ്റ്റുമാഷായിരുന്നെന്നും പറഞ്ഞിട്ടുണ്ട്. കണ്ണൂർ സിവിൽ പൊലീസ് ഓഫിസർ കെ.എൻ.സഞ്ജയിന്റെ നേതൃത്വത്തിലാണ് സഹപ്രവർത്തകനെ കണ്ടെത്തി കൗതുകപ്പൊതി ഏൽപിക്കാനുള്ള അന്വേഷണം.

കൂട്ടുകാരന്റെ പേര് ചാൾസ് എന്നാണ് ഫാദറുടെ പേര് ജോസഫ് അല്ലെങ്കിൽ മാത്യു എന്ന് സംശയികുന്നു കോട്ടയം ജില്ലയിൽ പോസ്റ്റ് മാസ്റ്റർ ആയിരുന്നു. ഊട്ടിയിൽ ചാൾസ് പ്രാർത്ഥനകൾക്ക് പോകാറുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744974429 എന്ന നമ്പറിൽ കെ.എൻ.സഞ്ജയിനെ ബന്ധപ്പെടുക.

എന്നാലും എന്തായിരിക്കും ആ പൊതിയിൽ? കണ്ണൂരുകാരും ആകാംക്ഷയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: