ഐഎസ്എല്‍ മത്സരം: കൊച്ചിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കൊച്ചി > നവംബര്‍ 17,24 ഡിസംബര്‍ 3,15,31 , 2018 ജനുവരി 4,21,27 ഫെബ്രുവരി 23 എന്നീ തീയതികളില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2017 ഫുട്‌ബോള്‍ മത്സരങ്ങളോടനുബന്ധിച്ച് കൊച്ചി സിറ്റി ട്രാഫിക് പോലീസ് താഴെപ്പറയുന്ന ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
1)ഇടപ്പള്ളി ബൈപ്പാസ് മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ വരെയുള്ള റോഡില്‍ (ബാനര്‍ജി റോഡ്) ചെറിയ വാഹനങ്ങള്‍ക്കും സര്‍വ്വീസ് ബസ്സുകള്‍ക്കുമൊഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും ( കോണ്‍ട്രാക്ട് ക്യാരേജുകള്‍, മറ്റ് ഭാരവാഹനങ്ങള്‍) കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതും, ടി വാഹനങ്ങള്‍ക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 02.00 മണിമുതല്‍ പാലാരിവട്ടം മുതല്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ വരെയുള്ള റോഡിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. യാതൊരു വാഹനങ്ങളും ഈ റോഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്തതുമാണ്.
2)സ്റ്റേഡിയത്തിന്റെ മെയിന്‍ ഗേറ്റ് മുതല്‍ സ്റ്റേഡിയം വരെയുളള റോഡിലും, സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡിലും, സ്റ്റേഡിയത്തിന് പിന്‍വശം മുതല്‍ കാരണക്കോടം വരെയുളള റോഡിലും ഒരു വിധത്തിലുമുള്ള വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.
3)മത്സരം കാണുന്നതിനായി ചെറിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാലാരിവട്ടം റൗണ്ട്തമ്മനം റോഡ് , കാരണക്കോടം വഴിയും വൈറ്റില ഭാഗത്ത് നിന്നും എസ് എ റോഡ്, കടവന്ത്ര, കതൃക്കടവ് കാരണക്കോടം വഴിയും സ്റ്റേഡിയത്തിന്റെ പിന്‍ ഭാഗത്ത് എത്തിച്ചേര്‍ന്ന് കാരണക്കോടം സെന്റ് ജൂഡ് ചര്‍ച്ച് ഗ്രൗണ്ട്, ഐ എം എ ഗ്രൗണ്ട്, സ്റ്റേഡിയത്തിന് പിറകിലുള്ള വാട്ടര്‍ അതോറിറ്റി ഗ്രൗണ്ട്, ഹെലിപാഡ് ഗ്രൗണ്ട്, എന്നിവടങ്ങളിലും; വലിയ വാഹനങ്ങള്‍ ഇടപ്പള്ളി വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡുകളിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ്, എന്നിവിടങ്ങളിലും ഗതാഗതതടസ്സം ഉണ്ടാക്കാത്തവിധം പാര്‍ക്കുചെയ്യേണ്ടതാണ്.
4)മത്സരം കാണുന്നതിനായി വൈപ്പിന്‍, ഹൈക്കോര്‍ട്ട് ഭാഗങ്ങളില്‍ നിന്നും സ്റ്റേഡിയത്തിലേക്കു വരുന്ന ചെറിയ വാഹനങ്ങള്‍ മണപ്പാട്ടി പറമ്പ് പാര്‍ക്കിംഗ് ഗ്രൗണ്ട്, സ്റ്റേഡിയത്തിന് മുന്‍വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്. (17.11.2017 തീയതിയില്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്കിംഗ് ഉണ്ടായിരിക്കുന്നതല്ല) വൈപ്പിന്‍, ചേരാനല്ലൂര്‍ ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷന്‍ / ഇടപ്പള്ളി ബൈപ്പാസ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ എത്തി ആളുകളെ ഇറക്കി കണ്ടൈനര്‍ ടെര്‍മിനല്‍ റോഡില്‍പാര്‍ക്ക് ചെയ്യേണ്ടതും, കളമശ്ശേരി, വരാപ്പുഴ, ഇടപ്പളളി ഭാഗത്ത് നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ഇടപ്പളളി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ട്, സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്ത് യാത്രക്കാര്‍ സ്റ്റേഡിയത്തിലേക്ക് മെട്രോ/ബസ്സ് സര്‍വ്വീസുകള്‍ പ്രയോജനപ്പെടുത്തി എത്തേണ്ടതുമാണ്. ബോള്‍ഗാട്ടിയില്‍ നിന്നും ഗോശ്രീ ഒന്നാം പാലം വഴി സര്‍വ്വീസ് ബസ്സുകള്‍ ഒഴികെയുളള മറ്റ് യാതൊരു ഭാരവാഹനങ്ങളും അന്നേ ദിവസം ഉച്ചയ്ക്ക് 2.00 മണിമുതല്‍ നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
5)തൃശ്ശൂര്‍,പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എന്നീ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ആലുവ മണപ്പുറം, ആലുവ മെട്രോ സ്റ്റേഷന്‍, കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷന്‍, ഇടപ്പളളി എന്നിവിടങ്ങളില്‍ ആളുകളെ ഇറക്കി ആലുവ മണപ്പുറം,കണ്ടൈനര്‍ ടെര്‍മിനല്‍ റോഡ് എന്നിവിടങ്ങളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാത്തവിധം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. യാത്രക്കാര്‍ മെട്രോ/ബസ്സ് സര്‍വ്വീസുകള്‍ എന്നിവ പ്രയോജനപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തേണ്ടതുമാണ്.
6)ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം ഭാഗത്ത് നിന്നും കാണികളുമായി വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ജംഗ്ഷനില്‍ ആളുകളെ ഇറക്കി പാലാരിവട്ടംകുണ്ടന്നൂര്‍ നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
ഇടുക്കി, കാക്കനാട്, മുവാറ്റുപുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനില്‍ ആളുകളെ ഇറക്കി പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷന് സമീപം സര്‍വ്വീസ് റോഡുകളില്‍ ഗതാഗതതടസ്സം ഉണ്ടാക്കാതെ ഒതുക്കി പാര്‍ക്ക് ചെയ്യേണ്ടതാണ്.
7)മത്സരം കാണുന്നതിനായി വരുന്ന കാണികളില്‍ പാസ്സുളളവരുടെ വാഹനങ്ങള്‍ക്ക് മാത്രമെ സ്റ്റേഡിയം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പ്രവേശനമുളളൂ.
8)കാണികളുടെ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് ചുറ്റുമുളള സ്റ്റേഡിയം റൗണ്ടില്‍ പ്രവേശിപ്പിക്കുന്നതല്ല. ടി റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കാവുന്ന ഗണത്തില്‍ ഉള്‍പ്പെട്ട സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ക്ക് മാത്രമെ പ്രവേശനമുളളൂ.
9)വൈകീട്ട് 03.30 മണിക്ക് ശേഷം വൈറ്റില, തമ്മനം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തമ്മനം ജംഗ്ഷനില്‍ നിന്നും നേരെ സംസ്‌കാര ജംഗ്ഷനില്‍ എത്തി പൈപ്പ്‌ലൈന്‍ റോഡിലൂടെ സ്റ്റേഡിയത്തിന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ പ്രവേശിക്കേണ്ടതാണ്. തമ്മനം ജംഗ്ഷനില്‍ നിന്നും കാരണക്കോടം ഭാഗത്തേക്ക് യാതൊരു വിധത്തിലുളള വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നതല്ല.
10)മത്സരങ്ങളുളള തീയതികളില്‍ രാത്രി 09.30 മണിമുതല്‍ കത്രിക്കടവ് ജംഗ്ഷനില്‍ നിന്നും കാരണക്കോടം ജംഗ്ഷനിലേക്കും തമ്മനം ജംഗ്ഷനില്‍ നിന്നും കാരണക്കോടം ജംഗ്ഷനിലേക്കും വാഹനഗതാഗതം അനുവദിക്കുന്നതല്ല.
11)കാരണക്കോടം ജംഗ്ഷന്‍ മുതല്‍ സ്റ്റേഡിയം ബാക്ക് വരെയുളള നാല് വരി പാതയില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരു വാഹനങ്ങള്‍ക്കും 02.00 മുതല്‍ 10.00 വരെ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
എല്ലാ വാഹനങ്ങളും മേല്‍ നിഷ്‌ക്കര്‍ഷിച്ച നിബന്ധനകള്‍ക്ക് വിധേയമായി നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്ത് നിശ്ചിത സമയത്തിനുളളില്‍ തന്നെ സ്റ്റേഡിയത്തില്‍ പ്രവേശിക്കേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: