നീതിന്യായ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കണം; മുഖ്യമന്ത്രി പിണറായി വിജയന്‍

1 / 100


ജനാധിപത്യ, മതേതര മൂല്യങ്ങളും, ക്രമസമാധാന വാഴ്ചയും സംരക്ഷിക്കാന്‍ നീതിന്യായ വ്യവസ്ഥയുണ്ടെന്ന വിശ്വാസമാണ് രാജ്യത്തെ സുരക്ഷിതമാക്കുന്നതെന്നും ആ പ്രതീക്ഷ നിലനിര്‍ത്താനുള്ള സക്രിയമായ ഇടപെടല്‍ ന്യായാധിപന്‍മാരുടെയും അഭിഭാഷക സമൂഹത്തിന്റേയും ഭാഗത്ത് നിന്നുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി കോടതി കെട്ടിടസമുച്ചയത്തിന്റെ തറക്കല്ലിടല്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഭരണഘടനാ സംവിധാനങ്ങള്‍ക്ക് തെറ്റ് പറ്റുമ്പോള്‍ എല്ലാവരും നീതിപീഠത്തെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. അത് നിലനിര്‍ത്താന്‍ നീതിന്യായ സംവിധാനങ്ങള്‍ക്ക് കഴിയണം. കെട്ടിടവും ആധുനിക സൗകര്യങ്ങളും ഉള്ളത് കൊണ്ട് മാത്രം കോടതികള്‍ക്ക് ജീവനുണ്ടാകില്ല. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കിയാലേ നീതി പീഠങ്ങളെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കൂ. മുഖ്യമന്ത്രി പറഞ്ഞു.
തലശ്ശേരിക്കാരുടെ ദീര്‍ഘകാല സ്വപ്നമാണ് കോടതി കെട്ടിടസമുച്ചയ നിര്‍മ്മാണത്തിലൂടെ സാര്‍ത്ഥകമാവുന്നത്. കലയു സംസ്‌ക്കാരവും ഇടകലര്‍ന്ന് നില്‍ക്കുന്ന സ്ഥലമാണ് തലശ്ശേരി,സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങുന്ന അധ്യായം. ന്യൂനപക്ഷ സംരക്ഷണത്തിന്നും മതസൗഹാര്‍ദ്ദത്തിനും പേര് കേട്ട ഇടം കണ്ണൂര്‍ ജില്ല രൂപീകരിച്ചതോടെ ജില്ലയുടെ നീതിന്യായ കേന്ദ്രമായി തലശേരി മാറി. നിരവധി വിധിന്യായങ്ങള്‍ സൂക്ഷിച്ച തലശേരി ബാറിലെ റെക്കോര്‍ഡ് റൂമിനെ പറ്റി പറയാതെ വയ്യ. ഒ ചന്തുമേനോന്‍, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തുടങ്ങി നീതിന്യായ വ്യസ്ഥയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍,അഭിഭാഷകര്‍ തുടങ്ങി നിരവധി പേര്‍ സേവനമനുഷ്ഠിച്ച കോടതി. കേരളത്തിലെ വക്കീലന്‍മാര്‍ ആദരിച്ച ഇടമായിരുന്നു തലശ്ശേരി ബാര്‍.മുഖ്യമന്ത്രി പറഞ്ഞു.
56 കോടി രൂപ ചെലവില്‍ 8 നില കെട്ടിടമാണ് തലശേരിയില്‍ നിര്‍മ്മിക്കുക. പണി തീരുന്നതോടെ
ചിതറി കിടക്കുന്ന 12 കോടതികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിട നിര്‍മ്മാണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ജസ്റ്റിസ് .എ കെ.ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ.ബി.കലാം പാഷ, അഡ്വ.എ.എന്‍ ഷംസീര്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍, ബാര്‍ അസോ.പ്രസിഡണ്ട് അഡ്വ. സി.ജി അരുണ്‍ , സെക്രട്ടറി അഡ്വ.ബിനോയ് തോമസ് ,ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ.എം ഷറഫുദീന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: