ജില്ലയില്‍ പതിനായിരം കടന്ന് ഹോം ഐസൊലേഷന്‍

ജില്ലയില്‍ കൊവിഡ് ബാധിച്ച് ഹോം ഐസൊലേഷനില്‍ പ്രവേശിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 10123 പേരാണ് ഇതുവരെ ഹോം ഐസൊലേഷനില്‍ പ്രവേശിച്ചത്. ഇവരില്‍ 5332 പേര്‍ ഇതിനകം ഹോം ഐസൊലേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും രോഗമുക്തരാകുകയും ചെയ്തു. ഹോം ഐസൊലേഷന്‍ രീതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണിതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ ഹോം ഐസൊലേഷന്‍ രീതി ആരംഭിച്ചത്. തുടക്കത്തില്‍ കൊവിഡ് പോസിറ്റീവാകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം ഐസൊലേഷന്‍ അനുവദിച്ചത്. പിന്നീട് പൊതുജനങ്ങള്‍ക്കും അനുമതി നല്‍കുകയായിരുന്നു. രോഗലക്ഷണങ്ങളില്ലാത്തവരും മറ്റു ഗുരുതര രോഗങ്ങളില്ലാത്തവരുമായ കൊവിഡ് ബാധിതരെയാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ അനുവദിച്ചത്. വീട്ടിലെ മറ്റു അംഗങ്ങളുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്ത വിധം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു ഐസൊലേഷന്‍.
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
*വീട്ടിലെ മറ്റു അംഗങ്ങളുമായി ഒരു തരത്തിലുള്ള സമ്പര്‍ക്കവും പാടില്ല
*ഐസൊലേഷന് തെരഞ്ഞെടുക്കുന്ന മുറിയില്‍ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരിക്കണം
*വ്യക്തിഗത ശുചീകരണവും, പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ കഴുകലും സ്വയം ചെയ്യണം

  • ഭക്ഷണം കൊണ്ടുവെയ്ക്കുന്നതിനും മറ്റുമായി ഒരാള്‍ (കെയര്‍ ടെയ്ക്കര്‍) വീട്ടിലുണ്ടാവേണ്ടതാണ്. ഇയാള്‍ പൂര്‍ണ്ണ ആരോഗ്യവാനായിരിക്കണം.
  • രോഗിയും കെയര്‍ ടെയ്ക്കറും നേരിട്ട് സമ്പര്‍ക്കം ഉണ്ടാകാത്ത വിധം അകലം പാലിക്കേണ്ടതും മാസ്‌കും ഗ്ലൗസും ധരിക്കേണ്ടതുമാണ്.
  • കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ അണുവിമുക്തമാക്കണം.
  • ശുദ്ധമായ ചൂടുവെള്ളം ധാരാളം കുടിക്കണം
  • പോഷകസമൃദ്ധവും സമീകൃതവുമായ ആഹാരം കൃത്യസമയത്തു കഴിക്കേണ്ടതാണ്
  • ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക
  • മാനസികോല്ലാസം ലഭിക്കുന്നതും സമ്പര്‍ക്ക സാധ്യതയില്ലാത്തതുമായ വിനോദങ്ങളിലേര്‍പ്പെടുക
  • രോഗലക്ഷങ്ങളുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും നോട്ട്ബുക്കിലോ ഡയറിയിലോ കുറിച്ചുവെക്കുകയും ചെയ്യുക. ഏതെങ്കിലും രോഗലക്ഷണങ്ങളോ അപായ സൂചനകളോ ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണം
  • 10 ദിവസത്തെ ഹോം ഐസൊലേഷന് ശേഷം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ടെസ്റ്റ് നടത്താവുന്നതാണ്. നെഗറ്റീവായാല്‍ ഏഴ് ദിവസം കൂടി ഐസൊലേഷനില്‍ തുടരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: