കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കാര്‍ത്തിക്ക്, ഇനി ടീമിനെ മോര്‍ഗന്‍ നയിക്കും

1 / 100
ദുബായ്:കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ദിനേഷ് കാർത്തിക്ക് ഒഴിഞ്ഞു. ടീം മാനേജ്മെന്റ് ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. വൈസ് ക്യാപ്റ്റനായിരുന്ന ഒയിൻ മോർഗൻ തുടർന്നുള്ള മത്സരങ്ങളിൽ കൊൽക്കത്തയെ നയിക്കും. ഇംഗ്ലണ്ടിന് 2019 ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് മോർഗൻ. 2018ൽ ഗൗതം ഗംഭീറിനു പകരമായിട്ടാണ് ദിനേഷ് കാർത്തിക്ക് കൊൽക്കത്തയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്.
‘ഇതുപോലുള്ള ഒരു തീരുമാനം എടുക്കാൻ അദ്ദേഹത്തെപ്പോലുള്ള ഒരാൾക്ക് (ദിനേഷ് കാർത്തിക്ക്) വളരെയധികം ധൈര്യം ആവശ്യമാണ്. അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഞങ്ങൾ ആശ്ചര്യപ്പെടുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആഗ്രഹം ബഹുമാനിക്കുന്നു. ടീം വൈസ് ക്യാപ്റ്റനും 2019ൽ ഇംഗ്ലണ്ടിന് ലോകക്കപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനുമായ ഒയിൻ മോർഗൻ ടീമിനെ നയിക്കാൻ മുന്നോട്ട് വന്നതിൽ സന്തോഷിക്കുന്നു. കൊൽക്കത്ത സിഇഒ വെങ്കി മൈസൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സീസണിൽ ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാല് വിജയവുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ 82 റൺസിനാണ് പരാജയപ്പെട്ടത്. ആദ്യം മത്സരം മുതൽ തന്നെ കാർത്തിക്കിനെതിരെ വിമർശനം ഉയർന്നിരുന്നു.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും കാർത്തിക്കിനെക്കുറിച്ച് ആരാധകർക്കു മതിപ്പില്ല. 7 മത്സരങ്ങളിൽ കളിച്ച കാർത്തിക്ക്, പഞ്ചാബിനെതിരെ മാത്രമാണ്  അർധസെഞ്ചുറി തികച്ചത്. ആകെ സമ്പാദ്യം 108 റൺസ് മാത്രം. കാർത്തിക്കിന്റെ ബാറ്റിങ് ലൈനപ്പ് സിലക്ഷനെക്കുറിച്ചും വിമർശനങ്ങളേറെ ഉയർന്നു. തുടരെ പരാജയപ്പെട്ട വിൻഡീസ് താരം സുനിൽ നരെയ്നെ ഓപ്പണിങ് സ്ഥാനത്തുനിന്നു മാറ്റാൻ കാർത്തിക് തയാറായിരുന്നില്ല. ഒടുവിൽ ചെന്നൈയ്ക്കെതിരായ മത്സരത്തിലാണ് മാറ്റി പരീക്ഷിച്ചത്.
മറുവശത്ത്, അർധസെഞ്ചുറികൾ ഒന്നും പേരിൽ ഇല്ലെങ്കിലും ഇതുവരെ ആകെ 35 ശതമാനം ശരാശരിയിൽ 175 റൺസ് മോർഗൻ നേടി. ബാറ്റിങ് ശരാശരിയിൽ ടീമിൽ ശുഭ്‌മാൻ ഗില്ലിനു താഴെ രണ്ടാം സ്ഥാനത്താണ് മോർഗന്റെ സ്ഥാനം. ഏതു സാഹചര്യത്തിലും ബാറ്റു ചെയ്യാൻ മികവുള്ള ഒയിൻ മോർഗനെ കാർത്തിക്ക് നേരത്തേ ഇറക്കാത്തതും ചർച്ചയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: