കക്കാട് പുഴയിൽ മാലിന്യം തള്ളിയ സംഭവത്തിൽ കേസെടുത്തു

കണ്ണൂർ :കക്കാട് പുഴയിൽ കോഴിക്കടയിലെ മാലിന്യം കൊണ്ടുവന്ന് തള്ളിയ സംഭവത്തിൽ കേസെടുത്തു. കൊറ്റാളിയിലെ മഠത്തിൽ ഹൗസിൽ ജുനൈദിനെതിരേയാണ് കേസ്. 

ബൈക്കിൽ മറ്റൊരാൾക്കൊപ്പം എത്തി മാലിന്യം ഇടുന്ന ദൃശ്യം പകർത്തി ഒരാൾ പോലീസിന് നൽകുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് സംഭവം. ഇതേ തുടർന്നാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ കേസെടുത്തത്. രാത്രിസമയത്ത് ടാങ്കർലോറിയിൽ കൊണ്ടുവന്ന് കണ്ണൂർ തെക്കിബസാറിലെ ഓടയിൽ മാലിന്യം തള്ളുകയായിരുന്ന ആൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ചപ്പാരപ്പടവ് തിമിരിയിലെ ചെങ്ങൽ തയ്യിൽ ജബ്ബാറിനെതിരേയാണ് കേസ്. ബുധനാഴ്ച രാത്രിയാണ് സംഭവം.

നഗരത്തിലും പരിസരത്തും രാത്രിയിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ. പോലീസ് നിരീക്ഷണം ശക്തമാക്കും. കക്കൂസ് മാലിന്യവും ഇറച്ചി മാലിന്യവുമടക്കം തള്ളുന്നുണ്ട്. രണ്ടുപേർക്കെതിരേ കേസെടുത്തത് ഇതിന്റെ ഭാഗമാണ്. നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: