ഫസൽ കേസ്‌ പുനരന്വേഷണം അത്യാവശ്യം: ഡിവൈഎഫ്‌ഐ

കണ്ണൂർ: തൊഴിയൂർ സുനിൽകുമാർ കൊലക്കേസുപോലെ തലശ്ശേരി ഫസൽ കേസും പുനരന്വേഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. തൊഴിയൂരിൽ യഥാർഥ പ്രതികളല്ല ശിക്ഷിക്കപ്പെട്ടതെന്ന്‌ അന്വേഷണത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്‌. ഫസൽ കേസിലും യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ പുനരന്വേഷണം അത്യാവശ്യമാണ്‌.
1994 ഡിസംബർ നാലിന്‌ തൊഴിയൂരിൽ ആർഎസ്എസ്സുകാരനായ സുനിൽകുമാർ കൊല്ലപ്പെട്ട കേസിൽ അഞ്ചു പേരെ കോടതി ശിക്ഷിച്ചിരുന്നു. യഥാർഥ പ്രതികളെക്കുറിച്ച് മറ്റു ചില കൊലക്കേസുകൾ അന്വേഷിക്കുന്നതിനിടെ മനസിലായതിനെ തുടർന്ന് ഹൈക്കോടതി 1997ൽ നിരപരാധികളെ വിട്ടയച്ച്‌ തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ തീവ്രവാദ ബന്ധമുള്ള ചിലരാണ് യഥാർഥ കൊലയാളികളെന്നും വ്യക്തമായി.
സുനിൽകുമാർ കൊലക്കേസിലേതുപോലെ ഫസൽ കേസിലും പുനരന്വേഷണം ആവശ്യമാണ്. പടുവിലായി മോഹനൻ കൊലക്കേസിന്റെ അന്വേഷണത്തിനിടയിൽ ആ കേസിലെ പ്രതികൾ ഫസലിനെ കൊന്നത്‌ തങ്ങളാണെന്ന്‌ കുറ്റസമ്മതം നടത്തി. യഥാർഥ പ്രതികൾ കുറ്റം സമ്മതിച്ചിട്ടും സംഭവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികളെ വേട്ടയാടുന്ന സ്ഥിതി തുടരുകയാണ്. നീതി നിഷേധിക്കപ്പെട്ട് കഴിഞ്ഞ അഞ്ച്‌ വർഷമായി പൊതുപ്രവർത്തകരായ കാരായി രാജൻ, ചന്ദ്രശേഖരൻ എന്നിവർ നാടുകടത്തപ്പെട്ടിരിക്കയാണ്‌. ഇവർക്ക്‌ നിതി ലഭിക്കാനാവശ്യമായ നടപടിയുണ്ടാകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: