റോഡ് തരുന്നവർക്ക് വോട്ട്; പ്രതിഷേധ സദസിലൂടെ നിലപാട് പ്രഖ്യാപിച്ചു മാട്ടറ-കാലാങ്കിയിലെ നാട്ടുകാർ.

ഉളിക്കൽ കാലാങ്കി :മലയോരത്തിന്റെ വികസനത്തിനായി വേറിട്ട ശബ്ദമാകാൻ ഒരു പ്രതിഷേധ കൂട്ടായ്മ. വട്ടിയാംതോട് -അപ്പർ കാലാങ്കി റോഡ് മെക്കാഡം ടാറിങ് നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കാലാങ്കിയിൽ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചത്. കാലാങ്കി ടോപ് സ്റ്റേഷൻ ടൂറിസം മേഖലയിൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോൾ വർഷങ്ങൾ പഴക്കമുള്ള ഏഴു കിലോമീറ്ററോളം നീളത്തിലുള്ള ഈ റോഡ് ഒരേസമയം ഒന്നിലധികം വാഹനങ്ങൾക് കടന്നു പോകാൻ പോലുള്ള സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയിലാണ്. നൂറു കണക്കിനാളുകൾ പ്രതിദിനം യാത്ര ചെയ്യുന്ന ഈ റോഡിൽ നിലവിലുള്ള കലുങ്കുകൾ എല്ലാം തന്നെ തകർന്നു വീഴാറായ അവസ്ഥയിലാണ്. നിരവധി ബസുകൾ സർവീസ് നടത്തിയ ഈ റൂട്ടിൽ ഇപ്പോൾ കേവലം മൂന്നായി ചുരുങ്ങിയതുപോലും റോഡിന്റെ ശോചനീയാവസ്ഥ മൂലമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പതിറ്റാണ്ടുകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ ഉൾപ്പെടെയുള്ളവർ ഈ നാടിനോട് കാണിക്കുന്ന അവഗണനക്കെതിരെ നിരവധിയാളുകൾ ആണ് പ്രതിഷേധസദസ്സിൽ പങ്കാളികളായത്. അവഗണന തുടർന്നാൽ വോട്ടു ബഹിഷ്കരണം ഉൾപ്പെടെയുള്ള വ്യത്യസ്ത സമരമാർഗങ്ങളിലേക്ക് കടക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു
ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കുവാനോ, ഒരു നാടിന്റെ പ്രതിച്ഛായ ഉയർത്തിപിടിക്കാനോ, ആ നാട്ടിലെ സകലമേഖലയും വികസിക്കുവാനോ ആ നാട്ടിലേക്ക് ഉന്നത നിലവാരമുള്ള റോഡുകൾ ആവശ്യമാണെന്ന് പ്രതിഷേധസദസ്സ് ഉദഘാടനം ചെയ്തുകൊണ്ട് കാലാങ്കി ഇടവക വികാരി ഫാ :മാത്യു എടേട്ട് പറഞ്ഞു
ജനപ്രതിനിധികൾക്കും, രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും സർക്കാരിനും നിവേദനങ്ങൾ സമർപ്പിക്കാനും മാട്ടറ, കാലാങ്കി പ്രദേശവാസികളെ ഉൾപ്പെടുത്തി വ്യത്യസ്തമാർന്ന പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും കൂട്ടായ്മയിൽ തീരുമാനമായി
മാട്ടറ -കാലാങ്കി -അപ്പർ കാലാങ്കി റോഡ് മെക്കാഡം ടാറിങ് നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ രൂപീകരിച്ച വാട്സ്ആപ് കൂട്ടായ്മയിൽ നിന്നാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കപ്പെട്ടതും ഇത്തരമൊരു പ്രതിഷേധസദസ്സ് കക്ഷി രാഷ്ട്രീയങ്ങൾക് അതീതമായി സംഘടിപ്പിക്കപ്പെട്ടതും. നാടിന്റെ പുരോഗമനത്തിനായി നാളെകളിൽ സജീവമായി നിലനിന്നുകൊണ്ട് പ്രചാരണങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കോ ഓർഡിനേറ്റർ സരുൺ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധസദസ്സ് കാലാങ്കി ഇടവക വികാരി ഫാ:മാത്യു എടേട്ട് ഉദ്ഘാടനം ചെയ്തു. ഷാജി പൂപ്പള്ളിൽ, സിജി സണ്ണി, കുട്ടിയച്ചൻ ഇടയാലിൽ എന്നിവർ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സന്തോഷ്‌ ചെറിയമ്മാക്കൽ സ്വാഗതവും കൺവീനർ ബിബിൻ പഴെമഠം നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: