പ്രതിഷേധം ശക്തം കൂടാളി ഹയർസെക്കന്ററി സ്‌കൂളിൽ തെരഞ്ഞെടുപ്പിന് സ്റ്റേ

കൂടാളി:കുട്ടികളുടെ ജനാധിപത്യ അവകാശം നിഷേധിച്ച് സ്‌കൂൾ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കോടതി ഇടപെടൽ.

കൂടാളി ഹയർസെക്കന്ററി സ്‌കൂളിലെ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പാണ് ഒരു കൂട്ടം അധ്യാപകരുടെ ഹരജി കാരണം കോടതി സ്റ്റേ ചെയ്തത്. ബുധനാഴ്ചയായിരുന്നു സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച അവധി പ്രഖ്യാപിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് അടുത്ത ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്. സ്‌കൂൾ അധ്യാപരായ മുഹമ്മദ് ഇഖ്ബാൽ, എം പ്രദീപൻ, കെ പി പവിത്രൻ, എം വിനോദ്, പി ജെന്നു, പി ഷാജി എന്നിവരും കൊളോളം സ്വദേശി കെ കെ ജഗദീശനും ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജഡ്ജ് മുഹമ്മദ് മുസ്ഥാഖാണ് തൽക്കാലിക സ്റ്റേ നൽകിയിട്ടുള്ളത്.

ജില്ലയിലെ പ്രധാനപ്പെട്ടതും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്നതുമായ സ്‌കൂളിൽ കുട്ടികളുടെ ജനാധിപത്യ അവകാശം നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരത്തിലുള്ളതാണ് സ്‌കൂൾ. പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നിലവാരമുള്ള സ്‌കൂളാക്കി മാറ്റിയ സ്‌കൂളിലെ വിദ്യാർത്ഥികളുടെ അവകാശ നിഷേധം നടത്തിയത് സ്‌കൂളിലെ പ്രധാന അധ്യാപകനോ പിടിഎ കമ്മിറ്റിയോ അറിഞ്ഞല്ല. എസ്എഫ്‌ഐയുട ശക്തമായ യൂനിറ്റ് പ്രവർത്തിക്കുന്നതും എസ്എഫ്‌ഐ വിജയിക്കുന്നതുമായ സ്‌കൂളിൽ വിദ്യാർത്ഥി മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ചില അധ്യാപകർ കോടതിയെ സമീപിച്ചത്.

വിദ്യാർത്ഥികളുടെ വോട്ടവകാശത്തിന് സ്റ്റേ

എസ്എഫ്‌ഐ പ്രതിഷേധിച്ചു

കണ്ണൂർ

കൂടാളി ഹയർസെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശം നിഷേധിച്ചതിൽ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.

പഠന സമയത്ത് തന്നെ കുട്ടികളെ മികച്ച വിദ്യാർത്ഥികളാക്കി മാറ്റുന്നതിൽ ജനാധിപത്യ പ്രകൃയ പ്രധാനപ്പെട്ടതാണ്.ഇതാണ് ലംഘിച്ചിരിക്കുന്നത്. അധ്യാപകരുടെ നയം തിരുത്തുന്നതിന് സ്‌കൂൾ അധികൃതർ സ്റ്റേ നീക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: