ഗെയില്‍ പൈപ്പ്ലൈന് വാതക പദ്ധതി കണ്ണൂര്‍ സെക്ഷനില്‍ യാഥാര്‍ത്ഥ്യമാകുന്നു
കണ്ണൂർ: ഗെയില്‍ പൈപ്പ്ലൈന് വാതക പദ്ധതി കണ്ണൂര്‍ സെക്ഷനില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍ദ്ദിഷ്ട കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ പദ്ധതിയാണ് അതിവേഗത്തില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നത്. തളിപ്പറമ്പ് താലൂക്കിലെ കുറുമാത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ബാവുപ്പറമ്പില്‍ നിന്നും കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി വരെയാണ് കണ്ണൂര്‍ സെക് ഷനില്‍ ഉള്‍പ്പെടുന്നത്. ഈ ഭാഗത്ത് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം തന്നെ നശിക്കുന്ന കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാര തുകയുംവിതരണം ചെയ്തുവരുന്നുണ്ട്.kannurvarthakal.com
കുറുമാത്തൂര്‍, കയറളം, മയ്യില്‍, മാണിയൂര്‍, മുണ്ടേരി, കാഞ്ഞിരോട് എന്നീ വില്ലേജുകളില്‍ 14 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്ലൈന് പണികള്‍ പൂര്‍ത്തിയായി. ഇതില്‍ ബാവുപ്പറമ്പ് മുതല്‍ നണിച്ചേരി പാലം വരെ ഉന്നത നിലവാരമുള്ള പൈപ്പുകള്‍ വെല്‍ഡ് ചെയ്ത് സുരക്ഷാനടപടികള്‍ പൂര്‍ത്തീകരിച്ചാണ് ട്രഞ്ച് നിര്‍മ്മിച്ച് ലോഡ് ചെയ്തിരിക്കുന്നത്. KannurVarthakal.com പുഴകളിലൂടെയും റോഡുകളിലൂടെയും പൈപ്പ്ലൈന് ഇടുന്നതിന് ട്രാഫിക് തടസമില്ലാത്തലവിധം ബോറിങ്ങിന്റെ സഹായത്തോടെ പൈപ്പിടുന്നതിനുള്ള മെഷിനറികള്‍ എത്തിക്കഴിഞ്ഞതായി ഗെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നീലേശ്വരം പെരോല്‍ മുതല്‍ കുറുമാത്തൂര്‍ വരേയും ബാവുപ്പറമ്പ് മുതല്‍ ആയഞ്ചേരി വരെയും 84 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ട് സെക്ഷനുകളായിട്ടാണ് പൈപ്പ്ലൈന് ഇടുന്ന ജോലികള്‍ പുരോഗമിക്കുന്നത്. ഈ 84 കിലോമീറ്ററില്‍ പൈപ്പിടുന്ന സ്ഥലത്തെ കാര്‍ഷികവിളകള്‍ നശിക്കുന്ന കര്‍ഷകര്‍ക്ക് ഇതുവരെ നാല് കോടി രൂപ നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കുള്ള നഷ്ടപരിഹാരതുക നല്‍കിവരികയാണ്.kannurVarthakal.com പൈപ്പുകള്‍ എളുപ്പത്തിലും കുറ്റമറ്റ രീതിയിലും മണ്ണില്‍ ഉറപ്പിക്കുന്നതിന് ഇന്ന് ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച യന്ത്രവല്കൃതരീതിയാണ് ഗെയില്‍ ഉപയോഗിച്ചുവരുന്നത്.
2012 ല്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിയ ജോലികള്‍ മൂന്ന് മാസം മുമ്പാണ് പുനരാരംഭിച്ചത്. ഗവണ്മെന്റും മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും അനുകൂല നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പണി പുനരാരംഭിച്ച ശേഷവും ചില സ്ഥലങ്ങളില്‍ ഇപ്പോഴും ചില്ലറ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെടുത്തി പരിഹാരം കാണും.
കര്‍ഷകസംഘടനകളുമായി ജില്ലാകളക്ടറുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചകളിലാണ് കാര്‍ഷിക വിളകള്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ചത്. ഇന്നത്തെ നിലയില്‍ 2018 മാര്‍ച്ചോടെ പണിപൂര്ത്തീകരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഗെയിലിന്റെ കണ്ണൂര്‍ സെക്ഷന്‍ ഇന്‍ചാര്‍ജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (കണ്‍സ്ട്രക്ഷന്‍) എന്‍.എസ്.പ്രസാദ്, മാനേജര്‍-ഇന്‍ചാര്‍ജ് പി.ടി.അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്. നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുന്നതിന് കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ റവന്യൂ ടീം പ്രവര്‍ത്തിക്കുന്നുണ്ട് 9388704068 നമ്പറില്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.