യുഡിഎഫ് ഹർത്താൽ:സംസ്ഥാനത്ത് ചിലയിടങ്ങളിൽ വാഹനങ്ങൾ തടയുന്നു

കേരള, മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകൾ  തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന, പാചകവാതക വിലവര്‍ധനയിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച യു.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കെ.എസ്.ആര്‍.ടിസിയുടെ ദീര്‍ഘദൂര ബസുകള്‍ പലതും രാവിലെ സര്‍വീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ആര്യനാട് ഡിപ്പോയിലെ ബസിനാണ് സര്‍വീസ് ആരംഭിക്കുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളിലും ബസുകള്‍ തടഞ്ഞു.പാലാരിവട്ടത്തും കെഎസ്ആര്‍ടിസി ബസിന് നേര്‍ക്ക് കല്ലേറുണ്ടായി. തൃശൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.

ഹര്‍ത്താലിനെ തുടര്‍ന്ന് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. അക്രമ സംഭവങ്ങളെ നേരിടുന്നതിന് ജാഗ്രത പാലിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. പലയിടത്തും സ്വകാര്യവാഹനങ്ങള്‍ക്കും ബസുകള്‍ക്കും നിരത്തിലിറങ്ങുന്നതിന് പോലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്. പോലീസ് സംരക്ഷണം നല്‍കിയാല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു.

ഹര്‍ത്താലിനെ തുടര്‍ന്ന് കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല എന്നിവര്‍ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല 16ന് നടത്താനിരുന്ന ആറാം സെമസ്റ്റര്‍ ബി. ടെക്/ബി.ആര്‍ക് (2004 സ്‌കീം)  സപ്ളിമെന്ററി പരീക്ഷകള്‍ ഒക്ടോബര്‍ 30ലേക്കും ഏഴാം സെമസ്റ്റര്‍ ബി. ടെക്/പാര്‍ട്ട് ടൈം ബി. ടെക് (2000 സ്‌കീം) സപ്ളിമെന്ററി പരീക്ഷ ഒക്ടോബര്‍ 23ലേക്കും മാറ്റി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: