ബി.ജെ.പിക്ക് തിരിച്ചടി, യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി

ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോട് പൊലീസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ബി.ജെ.പിയുടെ പരാതി നടപടിയില്ലാതെ അവസാനിക്കുന്നു. ഇതു സംബന്ധിച്ച പരാതി തള്ളിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ ബി.ജെ.പി നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. സമരക്കാരെ നേരിടുന്നതിനായി പമ്ബയിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തുവാനെത്തിയ മുന്‍ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണനോടും മുതിര്‍ന്ന ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ള നേതാക്കളെ നിലയ്ക്കല്‍ തടഞ്ഞുവച്ച സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ പ്രവര്‍ത്തി ഏറെ വിവാദമായിരുന്നു. യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് നടപടി എടുപ്പിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ബി.ജെ.പി സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ വിവാദ സംഭവമുണ്ടായി ഒന്‍പത് മാസങ്ങള്‍ക്കിപ്പുറവും എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് വിവരാവകാശ രേഖപ്രകാരം ചോദ്യമുന്നയിച്ചപ്പോള്‍ ഇതു വരെയും നടപടിയൊന്നും സ്വീകരിച്ചില്ല എന്ന മറുപടിയാണ് ലഭിച്ചത്. യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി കേന്ദ്രത്തിന് ലഭിച്ചുവെന്നും എന്നാല്‍ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി എന്നുമാണ് ചോദ്യത്തിന് ഉത്തരമായി ലഭിച്ചത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഒരു സ്വകാര്യ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വിഷയത്തില്‍ പ്രതികരിക്കവേ ഇനിയും യതീഷ് ചന്ദ്രയ്‌ക്കെതിരെ പരാതി നല്‍കുമെന്ന് ബി.ജെ.പി നേതാവ് എം.എസ് കുമാര്‍ പ്രതികരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: