കണ്ണൂർ സർവകലാശാലയ്ക്ക് 400 കോടി: മന്ത്രി രവീന്ദ്രനാഥ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് ആവശ്യമായ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിനും ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും സർക്കാർ ഉടൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. ഇതിനായി ഈ അധ്യയനവർഷം 400 കോടി രൂപയോളം സർക്കാർ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥി ക്ഷേമകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കിഫ്ബിയിൽ അടുത്ത ഘട്ടത്തിൽ 240 കോടിയും സംസ്ഥാനഫണ്ടിൽനിന്ന് 170.6 കോടിയും റൂസയിൽ നിന്ന് 20 കോടിയുമാണ് അനുവദിക്കുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് അധ്യാപക-അനധ്യാപക ജീവനക്കാരുടെ തസ്തിക സംബന്ധിച്ച മാസ്റ്റർപ്ലാൻ ഉണ്ടാക്കി നൽകാൻ മന്ത്രി നിർദേശിച്ചു. ആവശ്യത്തിന് ജീവനക്കാരില്ലാതെ സർവകലാശാലയ്ക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന ഉറച്ചവിശ്വാസം സർക്കാരിനുണ്ട്. ജീവനക്കാരുടെ കുറവ് ഒരു വർഷത്തിനകം പരിഹരിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.
സർവകലാശാലയ്ക്ക് അതിന്റെ സങ്കൽപ്പത്തിനൊത്ത് ഉയരാൻ കഴിയണം. പരീക്ഷാനടത്തിപ്പ് മാത്രമല്ല സർവകലാശാലകളുടെ ഉത്തരവാദിത്തം. അത് കടമകളിൽ ഒന്നു മാത്രമാണ്. സമൂഹം പ്രതീക്ഷിക്കുന്ന രീതിയിൽ പുതിയ ആശയങ്ങൾ സർവകലാശാലകളിൽനിന്ന് ഉരുത്തിരിഞ്ഞുവരണം. ആശയോത്പാദന കേന്ദ്രങ്ങളായി സർവകലാശാലകൾ മാറണം.
ഉന്നതവിദ്യാഭ്യാസ രംഗത്തുനിന്ന് ലഭിക്കുന്ന പ്രാഥമിക അറിവുകളെ ശരിയായി വിശകലനം ചെയ്ത് അത് ചിന്തയിലൂടെ ഗവേഷണമായി മാറുന്നതായിരിക്കണം സർവകലാശാലകളുടെ പ്രവർത്തനം. വിദേശത്തുനിന്ന് ഒരു സർവകലാശാല ഇവിടെ വന്ന് നമ്മുടെ സർവകലാശാലകളെ വളർത്തുമെന്ന ചിന്ത ശരിയല്ല. കേരളത്തിന്റെ ആവാസവ്യവസ്ഥയ്ക്കനുസൃതമായ സർവകലാശാലകളാണ് ഇവിടെയുണ്ടാകേണ്ടത്.
ആശയങ്ങൾ സംഭാവന ചെയ്യുന്ന കേന്ദ്രമായി കണ്ണൂർ സർവകലാശാല മാറണം. ഇവിടുത്തെ ഏതെങ്കിലും ഒരു വകുപ്പിനെങ്കിലും അന്തർദേശീയതലത്തിൽ ഉയരാൻ കഴിയണം. അതിനുള്ള ശ്രമങ്ങൾ ഉണ്ടാകണം. അതിനാവശ്യമായ തുക സംസ്ഥാന സർക്കാർ നൽകും. ഏത് അറിവിന്റെയും കേന്ദ്രബിന്ദു വായനശാലയാണ്. നല്ലൊരു ലൈബ്രറി കണ്ണൂർ സർവകലാശാലയ്ക്കുണ്ട്. എന്നാൽ, കെട്ടിടത്തിന്റെ വലിപ്പത്തിനും ഭംഗിക്കും ആനുപാതികമായത് ഉള്ളിലില്ലെന്നാണ് മനസിലായത്. കെട്ടിടത്തേക്കാൾ മൂല്യമുള്ളത് ലൈബ്രറിയ്ക്കകത്ത് ഉണ്ടാകണം.
ലൈബ്രേറിയൻമാരുടെ കുറവടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് മാസ്റ്റർപ്ലാൻ തയാറാക്കി നൽകിയാൽ സർക്കാർ അക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രോ -വൈസ് ചാൻസലർ ടി.അശോകൻ അധ്യക്ഷത വഹിച്ചു. കെ.കെ.രാഗേഷ് എംപി, മേയർ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കൗൺസിലർ ലിഷ ദീപക്, രജിസ്ട്രാർ ഡോ.ബാലചന്ദ്രൻ കീഴോത്ത്, ഡോ.വി.പി.പി. മുസ്തഫ, സിൻഡിക്കറ്റ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.