കാലവര്‍ഷക്കെടുതി : കണ്ണൂര്‍ ജില്ലയില്‍ കെഎസ്ഇബിക്ക് നഷ്ടം 14 കോടി

കണ്ണൂര്‍ : കെഎസ്ഇബിക്ക് കണ്ണൂര്‍, ശ്രീകണ്ഠാപുരം സര്‍ക്കിളുകളിലായി 14 കോടിയിലേറെ രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. രണ്ടായിരത്തോളം തൂണുകള്‍, 22,000ത്തിലേറെ കിലോമീറ്റര്‍ ഇലക്ട്രിക് ലൈനുകള്‍, 100ലേറെ ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. രണ്ടായിരത്തിലേറെ വൈദ്യുത തൂണുകളാണ് ശക്തമായ കാറ്റിലും മഴയിലും മറിഞ്ഞു വീണത്.ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്. പുഴകളില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് പലയിടങ്ങളിലും കരകള്‍ ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. 17.87 കോടി രൂപയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുമെന്നാണ് പ്രാഥമിക നിഗമനം. തലായി, അഴീക്കല്‍ ഹാര്‍ബറുകളില്‍ 80 ലക്ഷം രൂപയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതിയിലുണ്ടായത്. തീരദേശ റോഡുകള്‍ തകര്‍ന്ന് 29 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ജില്ലയില്‍ ചെറുകിട ജലസേചനവിഭാഗവുമായി ബന്ധപ്പെട്ട് 1.28 കോടിയുടെ നാശനഷ്ടങ്ങളും കണക്കാക്കിയിട്ടുണ്ട്.