സംസ്ഥാനത്തെ റെയിൽ, റോഡ്   ഗതാഗതം താറുമാറായി; നിരവധി സർവീസുകൾ റദ്ദാക്കി

കനത്തമഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റെയിൽ, റോഡ്  ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ വെള്ളവും മറ്റ് തടസ്സങ്ങളും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍ പുന:സ്ഥാപിക്കും എന്ന കാര്യത്തില്‍ റെയില്‍വേയും കൃത്യമായ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ചു.

ആലുവ റയില്‍വേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടനിലയിലായതോടെ  എറണാകുളം –ചാലക്കുടി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ജലനിരപ്പ് നിരീക്ഷിച്ചശേഷമെ ഗതാഗതം പുനരാരംഭിക്കുവെന്ന് റെയില്‍വേ അറിയിച്ചു.

നാഗര്‍കോവിലിനും തിരുവനന്തപുരത്തിനുമിടയ്ക്കുള്ള  ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം ചെങ്കോട്ട റൂട്ടിലും ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്, കാരയ്ക്കല്‍–എറണാകുളം എക്സ്പ്രസ് എന്നിവ പാലക്കാട് യാത്ര അവസാനിപ്പിക്കും. മംഗളൂരു–തിരുവനന്തപുരം മലബാര്‍, മാവേലി എക്സ്പ്രസുകളും ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും.

മുബൈ–കന്യാകുമാരി  ജയന്തി ജനത, ബെംഗളൂരു–കന്യാകുമാരി  ഐലന്‍ഡ് എക്സ്പ്രസ് എന്നിവ ഈറോഡ് വഴി തിരിച്ചുവിട്ടു. നിലമ്പൂര്‍–എറണാകുളം പാസഞ്ചര്‍ , ചെന്നൈ–ഗുരുവായൂര്‍ എഗ്മോര്‍ എക്സ്പ്രസ് എന്നിവ റദ്ദാക്കി.

പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ആലുവയ്ക്കും ചാലക്കുടിക്കുമിടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി വെച്ചിരിക്കയാണ്. പല ട്രെയിനുകളും പാലക്കാട് വരെയായി വെട്ടിച്ചുരുക്കി. ട്രിവാന്‍ട്രം-മംഗളൂരു മാംഗളൂര്‍ എക്‌സ്പ്രസ് ചാലക്കുടിയില്‍ നിര്‍ത്തയിട്ടിരിക്കയാണ്. ഏറനാട് എക്‌സ്പ്രസ് ഹരിപ്പാട് പിടിച്ചിട്ടിരിക്കയാണ്. പരശുറാം എക്‌സ്പ്രസ് കൊയിലാണ്ടിയില്‍ പിടിച്ചിട്ടു. മംഗള എക്‌സ്പ്രസ് കോഴിക്കോട് പിടിച്ചിട്ടു. ഈ ട്രെയിനുകള്‍ എപ്പോള്‍ പുറപ്പെടും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കുര്‍ള-നേത്രാവതി വണ്ടി കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചേക്കും.

ട്രെയിന്‍ ഗതാഗതത്തിന് പുറമെ പല സ്ഥലങ്ങളിലും ബസ് ഗതാഗതവും ഭാഗിഗമായോ പൂര്‍ണമായോ നിലച്ച അവസ്ഥയാണ്. തിരുവല്ല എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡില്‍ ഗതാഗതം നിരോധിച്ചു. തൃശൂരില്‍ നിന്നും പാലക്കാട് പോകുവാന്‍ കുതിരാന്‍ അടച്ചു. ഷൊര്‍ണൂര്‍ വഴി പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയ വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കുന്നില്ല.

ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് വഴിയിലും റെയില്‍വേ സ്‌റ്റേഷനിലും കുടുങ്ങി കിടക്കുന്നത്. പല സ്ഥലത്തും ബസ്സോ മറ്റ് വാഹനങ്ങളോ ഇല്ലാത്തത് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ട്രെയിനുകള്‍  തടസ്സപ്പെടാനോ വൈകാനോ സാധ്യതയുണ്ട്. കൊച്ചി മെട്രോ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: