യോഗാപരിശീലനം രോഗങ്ങളെ തടയും:
മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ


കണ്ണൂർ: ചെറുപ്പം മുതൽ ശാസ്ത്രീയ രീതിയിൽ യോഗ പരിശീലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ ഇല്ലാതാക്കാമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കുള്ള യോഗാപരിശീലനത്തിന്റെ മണ്ഡലതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. യോഗ ഒരു മതത്തിന്റെയോ വിഭാഗത്തിന്റെയോ സ്വകാര്യ സ്വത്തല്ല. എന്നാലിത് ഹിന്ദു ആശയ പ്രചരണത്തിന്റെ ഭാഗമാക്കാൻ ചിലർ ശ്രമിക്കുന്നു. ജാതി, മത ഭാഷാ ഭേദമന്യേ എല്ലാവർക്കും പരിശീലിക്കാവുന്നതാണ് യോഗ. ഇന്ന് നിരവധി രോഗങ്ങൾ മാറ്റാനുള്ള തെറാപ്പിയായി യോഗയെ ഉപയോഗിക്കുന്നു. അതിനാൽ ഊർജസ്വലതയോടെ ജീവിക്കാൻ കുട്ടികളും മുതിർന്നവരും യോഗ ശീലമാക്കണം. മന്ത്രി പറഞ്ഞു.മണ്ഡലത്തിലെ കുട്ടികൾക്ക് കായികക്ഷമത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യു പി മുതൽ ഹൈസ്‌കൂൾ വരെയുള്ള കുട്ടികളെ യോഗ പരിശീലിപ്പിക്കാൻ പദ്ധതി ആരംഭിച്ചത്.മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തളിപ്പറമ്പ് നഗരസഭ ചെയർപേഴ്‌സൺ മുർഷിദ കൊങ്ങായി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ കെ പി ഖദീജ, പി പി മുഹമ്മദ് നിസാർ, നഗരസഭ കൗൺസിലർ ഒ സുഭാഗ്യം, പ്രധാനാധ്യാപകൻ എസ് കെ നളിനാക്ഷൻ, പ്രിൻസിപ്പൽ പി ഗീത, പി ടി എ പ്രസിഡണ്ട് ടി വി വിനോദ്, മണ്ഡലം ഫിറ്റ്‌നസ് പ്രോഗ്രാം കൺവീനർ പി നാരായണൻ കുട്ടി, യോഗ അസോസിയേഷൻ ഓഫ് കേരള ജില്ലാ സെക്രട്ടറി കെ പ്രേമരാജൻ എന്നിവർ പങ്കെടുത്തു. തുടർന്ന് കൊവിഡ് കാലത്ത് കുട്ടികൾ ഒരുക്കിയ കരകൗശല വസ്തുക്കൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള പ്രദർശന ഹാളും മന്ത്രി സന്ദർശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: