കോവിഡ്: ജില്ലയിലൊരുങ്ങുന്നത് 25000ത്തിലേറെ പേര്‍ക്ക് ചികിത്സാ സൗകര്യം; കട്ടിലുകളും കിടക്കകളും മറ്റും സംഭാവന നല്‍കണമെന്ന് കലക്ടറുടെ അഭ്യര്‍ഥന

കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് തദ്ദേശ സ്ഥാപന തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 25000ത്തിലേറെ പേരെ താമസിപ്പിച്ച് ചികിത്സിക്കാന്‍ പര്യാപ്തമായ കേന്ദ്രങ്ങളാണ് ജില്ലയില്‍ ഒരുങ്ങുന്നത്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് നിയുക്തനായ ഐഎഎസ് ഓഫീസര്‍ വി ആര്‍ കെ തേജയും സന്നിഹിതനായിരുന്നു.

ഓരോ ഗ്രാമപഞ്ചായത്തിലും 100 വീതം പേരെയും കോര്‍പറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാര്‍ഡിലും 50 വീതം പേരെയും ചികിത്സിക്കാന്‍ പര്യാപ്തമായ കേന്ദ്രങ്ങളാണ് കണ്ടെത്തുന്നത്. ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ കെട്ടിടങ്ങളിലാണ് ഇതിനായി സൗകര്യമൊരുക്കുക.

ഇതുപ്രകാരം ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളില്‍ 7100ഉം, 324 നഗരസഭാ വാര്‍ഡുകളില്‍ 16,200ഉം 55 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 2750ഉം ബെഡ് സൗകര്യങ്ങളാണ് ഒരുക്കുക. രോഗവ്യാപനം ഉണ്ടാവുന്ന പക്ഷം ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ ജില്ലയെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്രയും താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഒരോ തദ്ദേശ സ്ഥാപനത്തിലുമുള്ള കൊവിഡ് പോസിറ്റീവ് രോഗികള്‍ക്ക് അവിടെ തന്നെ ചികില്‍സാ സൗകര്യമൊരുക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കൊവിഡ് രോഗികളെയാണ് ഇവിടങ്ങളില്‍ പ്രവേശിപ്പിക്കുക. ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇവിടെ നിന്ന് ആശുപത്രികളിലേക്ക് മാറ്റും. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ സേവനം കരുതിവയ്‌ക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ഒരാള്‍ക്ക് കിടക്കാവുന്ന കട്ടിലുകള്‍, കിടക്കകള്‍, തലയണകള്‍, തലയണ ഉറകള്‍, കിടക്ക വിരികള്‍, ബക്കറ്റുകള്‍, മഗ്ഗുകള്‍, തോര്‍ത്ത് മുണ്ടുകള്‍, സോപ്പുകള്‍, ടൂത്ത് ബ്രഷുകള്‍, ടൂത്ത് പേസ്റ്റുകള്‍, ഡസ്റ്റ് ബിന്നുകള്‍, ക്ലീനിംഗ് ലോഷനുകള്‍, അണുനാശിനികള്‍ തുടങ്ങിയ ആവശ്യമുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഇവ സ്‌പോണ്‍സര്‍ ചെയ്യാന്‍ മുന്നോട്ടുവരണം. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയുമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സാധനങ്ങളുടെ സമാഹരണത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ‘ഇതും നാം അതിജീവിക്കും’ എന്ന ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, അസിസ്റ്റന്റ് കലക്ടര്‍ ശ്രീലക്ഷ്മി, എഡിഎം ഇ പി മേഴ്‌സി, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: