കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇനി ശിശുസൗഹൃദം

കൂത്തുപറമ്പ്: ചൈൽഡ് ആൻഡ് പോലീസ് (സി.എ.പി.) സംവിധാനത്തിന്റെ ഭാഗമായി നിർമിച്ച കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ ഇടം സി.ഐ. ബിനു മോഹൻ ഉദ്ഘാടനം ചെയ്തു. എസ്‌.പി. യതീഷ് ചന്ദ്ര, അഡീഷണൽ എസ്.പി. പ്രജീഷ് തോട്ടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ, എ.ഡി.ജി.പി. മനോജ് എബ്രഹാം, ഐ.ജി. പി.വിജയൻ എന്നിവർ വീഡിയോ കോൺഫറൻസിങ്ങിലൂടെ പങ്കെടുത്തു.

സംസ്ഥാനത്ത് ബുധനാഴ്ച 75 പോലീസ് സ്റ്റേഷനുകളാണ് ശിശു സൗഹൃദങ്ങളായത്. ശിശുസൗഹൃദ ഇടത്തിന്റെ ഉദ്ഘാടനം അതത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് നിർവഹിച്ചത്.

കുറ്റകൃത്യത്തിലേർപ്പെടാത്ത പുതിയ തലമുറയെ വളർത്തിയെടുക്കുന്നതിനും പോലീസിനെപ്പറ്റി കുട്ടികളിലുള്ള ഭയാശങ്കകൾ മാറ്റിയെടുക്കുന്നതിനുമാണ് പോലീസ് സ്റ്റേഷൻ ശിശുസൗഹൃദമാക്കുന്നത്.

പഴയ സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന് സമീപം കാടുപിടിച്ച് കിടന്നിരുന്ന സ്ഥലത്താണ് ശിശുസൗഹൃദ ഇടത്തിനായി കെട്ടിടം നിർമിച്ചത്. ആകർഷകമായ രീതിയിൽ നിർമിച്ച കെട്ടിടം ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. മിനി പാർക്ക്, പ്രത്യേക ഇരിപ്പിടങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണ വിധേയമായാൽ ആഴ്ചയിൽ ഒരുദിവസം ശിശുരോഗ വിദഗ്ധന്റെ സേവനം ഇവിടെ ലഭിക്കും. കൗൺസലിങ് സെന്റർ, പകൽവിശ്രമകേന്ദ്രം, ലൈബ്രറി എന്നിവയും സജ്ജീകരിച്ചു. കൂത്തുപറമ്പ് ഉൾപ്പെടെ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ശിശുസൗഹൃദ പോലീസ് സംവിധാനം നടപ്പാക്കുന്നത്. സർക്കാർ ഫണ്ടിനോടൊപ്പം സന്നദ്ധസേവന സംഘടനകളുടെ സഹായവും ഉപയോഗപ്പെടുത്തുന്നുണ്ട്. നേരത്തേ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനോടനുബന്ധിച്ച് നിർമിച്ച മിനി പാർക്കും ജനങ്ങൾക്ക് പ്രയോജനകരമായിരുന്നു.

വീഡിയോ കോൺഫറൻസിങ്ങിലൂടെ പോലീസ് ഉദ്യോഗസ്ഥരായ ഷേക് ദർവേഷ് ബീഹര, വിജയ് എസ്.സാഖറെ, ബൽറാം കുമാർ, ഹർഷിത അട്ടാലുരി, സിനിമാതാരം പേളിമാണി എന്നിവർ സംസാരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പി. സി.പ്രേമരാജൻ, വാർഡ് കൗൺസിലർ കെ.വി.രജീഷ്, എസ്.ഐ.മാരായ പി.ബിജു, കെ.ടി.സന്ദീപ്, എസ്.സി.പി.ഒ. കെ.എ.സുധി എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: