ടയർ ക്ഷാമം: കെഎസ്ആർടിസി പ്രതിസന്ധിയിൽ

ടയർ ക്ഷാമത്തിനൊപ്പം റീസോൾ ചെയ്ത ടയറുകൾ തിരികെ എത്താത്തത് പയ്യന്നൂർ കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കി.റീസോൾ ചെയ്ത ടയർ എത്താത്തതു മൂലം മാത്രം ഇന്നലെ 7 ബസുകൾ റോഡിൽ ഇറക്കാൻ കഴിഞ്ഞില്ല. ടയർ ക്ഷാമം രൂക്ഷമായ ഡിപ്പോയാണു പയ്യന്നൂർ. 42 ടയറുകൾ നിലവിൽ ഈ ഡിപ്പോയിൽ ആവശ്യമാണ്. ടയറുകളുടെ അഭാവം മൂലം മറ്റ് തകരാറുകളുള്ള ബസുകളുടെ ടയറുകൾ മാറ്റി മാറ്റി ഇട്ടാണ് സർവീസുകൾ ഒപ്പിക്കുന്നത്. ഇതിനിടയിലാണ് ഡിപ്പോയിൽ നിന്ന് വർക്ക് ഷോപ്പിലേക്ക് അയക്കുന്ന ടയറുകൾ റീസോൾ ചെയ്തു തിരികെ അയക്കാതിരിക്കുന്നത്.ദിവസവും ടയറുകൾ റീസോളിന് അയക്കുമ്പോൾ മുൻ ദിവസങ്ങളിൽ അയച്ചവ കൃത്യതയോടെ തിരിച്ചയക്കുന്ന പതിവ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ പതിവ് പൂർണമായും തെറ്റിച്ചിരിക്കുന്നു. റീസോളിന് അയച്ച ടയറുകൾ വർക്ക് ഷോപ്പിൽ കെട്ടിക്കിടക്കുകയാണ്. 2 മാസത്തിനുള്ളിൽ‌ പയ്യന്നൂർ ഡിപ്പോയ്ക്കു കിട്ടിയത് 6 പുതിയ ടയറുകൾ മാത്രമാണ്. പുതിയ ടയറുകൾ ആവശ്യത്തിന് ലഭ്യമാക്കാത്തത് ഡിപ്പോയെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്.പുതിയ സർവീസുകൾ ലഭിച്ചു കൊണ്ടിരിക്കുമ്പോൾ ആവശ്യത്തിന് ബസുകൾ നൽകാതെ പയ്യന്നൂർ ഡിപ്പോയോട് അവഗണന കാട്ടുകയാണ് അധികൃതർ. പയ്യന്നൂരിൽ നിന്ന് രാവിലെ 5ന് തിരുനെല്ലിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസിന് അനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: