തലശ്ശേരി നഗരസഭ ഓഫീസ് സമുച്ചയം പ്രവൃത്തിയുദ്ഘാടനം ഇന്ന്

തലശ്ശേരി നഗരസഭ പുതിയ ഓഫീസ് സമുച്ചയ നിർമാണ പ്രവൃത്തി ചൊവ്വാഴ്ച തുടങ്ങും. നഗരസഭ ഓഫീസ് പരിസരത്ത് വൈകീട്ട് നാലിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ സി.കെ.രമേശൻ പത്രസമ്മേളനത്തിൽ പറഞ്ഞു. എഴുത്തച്ഛൻ പുരസ്കാരം നേടിയ കഥാകൃത്ത് എം.മുകുന്ദൻ, ലളിതകലാ അക്കാദമി ഫെലോഷിപ്പ് നേടിയ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ എന്നിവരെ ചടങ്ങിൽ ആദരിക്കും. നഗരസഭ ജൈവവൈവിധ്യ രജിസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്യും. 3.25 കോടി രൂപ ചെലവിൽ മൂന്നുനില കെട്ടിടമാണ് ആദ്യഘട്ടത്തിൽ നിർമിക്കുന്നത്. നിലവിലുള്ള കെട്ടിടത്തോട് ചേർന്നാണ് പുതിയ കെട്ടിടം നിർമാണം. നിലവിലുള്ള കെട്ടിടം പൈതൃകസംരക്ഷണ സ്മാരകമായി നിലനിർത്തും.താഴത്തെ നിലയിൽ ജനറൽ വിഭാഗം, വിവിധ ആവശ്യത്തിന് എത്തുന്നവർക്ക് ഇരിക്കുന്നതിനുള്ള സൗകര്യം, കാന്റീൻ, സെക്രട്ടറിയുടെ മുറി എന്നിവയാണ് ഉണ്ടാവുക. മുകളിലത്തെ നിലയിൽ കോൺഫറൻസ് ഹാൾ, ചെയർമാന്റെ മുറി എന്നിവ. രണ്ടാംനിലയിൽ കൗൺസിൽ ഹാൾ, ആരോഗ്യവിഭാഗം ഓഫീസ് എന്നിവ പ്രവർത്തിക്കും. ഒരു വർഷത്തിനകം കെട്ടിടനിർമാണം പൂർത്തിയാക്കും. 150 വർഷം പഴക്കമുള്ള കെട്ടിടത്തിലാണ് ഇപ്പോൾ നഗരസഭ ഓഫീസ് പ്രവർത്തിക്കുന്നത്. നേരത്തേ തീരുമാനിച്ച കെട്ടിട നിർമാണം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നീണ്ടുപോവുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: