ക്വട്ടേഷൻ സംഘങ്ങള്‍ മലയോരത്തും സജീവം

ഉളിക്കലിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനഉടമയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ മൂന്നുപേരെക്കൂടി ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു.ക്വട്ടേഷൻ നൽകിയ ഉളിക്കല്ലിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനഉടമ കാലാങ്കിയിലെ വെങ്ങരപറമ്പിൽ വി.മനു തോമസ്, സ്ഥാപനത്തിലെ തൊഴിലാളികളായ വട്ട്യാംതോട്ടിലെ പുതുശേരി പ്രിയേഷ് , തില്ലങ്കേരി പള്ള്യത്തെ പി.നിധിൻ എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഇരിട്ടി എസ്.ഐ. ദിനേശൻ കൊതേരിയും സംഘവും അറസ്റ്റുചെയ്തത്. ഉളിക്കൽ സ്വദേശി ഷൈൻമോനെ യാണ് ജൂൺ 11ന് വൈകീട്ട് നാലിന് എടക്കാനത്തേക്ക്‌ വിളിച്ചുവരുത്തി ആക്രമിച്ചത്.സംഘത്തിൽപ്പെട്ട അഞ്ചുപേരെ പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ശിവപുരം മുരിക്കിൻവീട്ടിൽ പ്രവീൺ, ആയിത്തറ മമ്പറത്തെ വടക്കേകാരമ്മൽ ഷിബിൻ രാജ്, ശിവപുരം നന്ദനംവീട്ടിൽ പി.പി.ജനീഷ്, ശിവപുരം ലിജിൻ നിവാസിൽ എം.ലിജിൻ , പടിക്കച്ചാലിലെ ലിജിത്ത് എന്നിവരെയാണ് ഇരിട്ടി സി.ഐ. എ.കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്‌. ഇവരെ തിങ്കളാഴ്ച മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ക്വട്ടേഷൻ ആക്രമണത്തിലേക്ക് നയിച്ചത്. ഒരുലക്ഷം രൂപയ്ക്ക്‌ ഷൈൻമോന്റെ ഇരുകാലുകളും തല്ലിയൊടിക്കാനാനാണ് മനു തോമസ് ക്വട്ടേഷൻ നൽകിയത്. എന്നാൽ ക്വട്ടേഷൻസംഘം വിവിധ ഘട്ടങ്ങളിലായി മനു തോമസിൽനിന്ന് 1,80,000 രൂപ കൈപ്പറ്റിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.ഷൈൻമോനെ ഒരു വീടിന്റെ ഇന്റീരിയർ ഡെക്കറേഷൻ ചെയ്യാൻ എന്നപേരിലാണ് എടക്കാനത്തേക്ക് വിളിച്ചുവരുത്തിയത്. കാറിലെത്തിയ സംഘം ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് കാൽ അടിപൊട്ടിക്കുകയും കാർ കാലിൽ കയറ്റുകയുംചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: