തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ “പാലമൃതൻ” ആയി പുത്തലത്ത് ചന്ദ്രശേഖരൻ ആചാരപ്പെട്ടു

തളിപ്പറമ്പ് : തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ “പാലമൃതൻ” ആയി പുത്തലത്ത് ചന്ദ്രശേഖരൻ ആചാരപ്പെട്ടു. ബുധനാഴ്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഉച്ചപൂജക്കു ശേഷം “കൊട്ടുമ്പുറ” ത്ത് വെച്ച് ക്ഷേത്രം മേൽശാന്തി പട്രോട്ടത്തില്ലത്ത് കേശവൻ നമ്പൂതിരി “പാലമൃതൻ ചന്ദ്രശേഖരൻ”എന്ന് മൂന്നു തവണ വിളിച്ചു ചൊല്ലിയതോടെയാണ് ചന്ദ്രശേഖരൻ പാലമൃതനായി ആചാരപ്പെട്ടത്.

തുടർന്ന് ഭക്തജനങ്ങൾ ഒന്നടങ്കം പാലമൃതൻ ചന്ദ്രശേഖരൻ എന്ന് ചൊല്ലി വിളിച്ചു. നിരവധി ഭക്തജനങ്ങൾ ചടങ്ങ് വീക്ഷിക്കാൻ എത്തിച്ചേർന്നിരുന്നു. ക്ഷേത്രത്തിൽ എത്തിച്ചേർന്നവർക്കെല്ലാം അന്നദാനവും ഉണ്ടായിരുന്നു. പാലമൃത് നായി ചുമതലയേറ്റതിനുശേഷം വ്യാഴാഴ്ച രാവിലെ ഭഗവാന് നൈവേദ്യ ത്തിനുള്ള പാൽ ആചാരപ്രകാരം ക്ഷേത്രത്തിലെക്ക് എഴുന്നള്ളിച്ചു.

യാദവ കുലത്തിലെ പുത്തലത്തു തറവാട്ടുകാരാണ് പാലമൃതനായി ആചാരപ്പെടുന്നത്. അന്തരിച്ച പാലമൃതൻ പുത്തലത്ത് ഗോവിന്ദന്റെ മാതൃസഹോദരീ പുത്രനാണ് ചന്ദ്രശേഖരൻ.ദീർഘകാലം പ്രവാസ ജീവിതം നയിച്ച് നാട്ടിൽ തിരിച്ചെത്തിയ ചന്ദ്രശേഖരൻ ഒരു നിയോഗം പോലെയാണ് പാലമൃതനായി ആചാരപ്പെടുന്നത്.തൃഛംബരത്തെ പുളുക്കൂൽ കണ്ണൻ നായരുടെയും പുത്തലത്ത് പാർവ്വതിയമ്മയുടെയും മകനാണ് 61 കാരനായ ചന്ദ്രശേഖരൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: