പഴയങ്ങാടി സബ് ട്രഷറി കെട്ടിടം 21ന് ധനകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

പഴയങ്ങാടി സബ് ട്രഷറിക്ക് പുതിയതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ജൂൺ 21 ന് രാവിലെ 9.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിക്കും. അത്യാധുനിക സൗകര്യത്തോടു കൂടിയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
4150 ച.മീ വിസ്തീർണത്തിൽ രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ ഇടപ്പാടുകാർക്ക് മികച്ച സേവനം നൽകുന്നതിനുള്ള കൗണ്ടറുകൾ, ഓപ്പൺ ഓഡിറ്റോറിയം, ഡൈനിംഗ് ഹാൾ, ടോയ്ലറ്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഇൻകലാണ് കെട്ടിട നിർമ്മാണ നിർവഹണം നടത്തിയത്.
39 വർഷമായി മാടായി ബാങ്കിൻ്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് ട്രഷറി പ്രവർത്തിച്ചു വരുന്നത്. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി എരിപുരം പബ്ലിക് ലൈബ്രറിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എം വി ജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ, വൈസ് പ്രസിഡൻ്റ് കെ.എൻ ഗീത, സി.പി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥൻ, ജസീർ അഹമ്മദ് ,എൻ വി രാമകൃഷ്ണൻ , പി.നാരായണൻകുട്ടി, പി.അബ്ദുൾ ഖാദർ, ടി.വി ഗണേഷൻ, വി മണികണ്ഠൻ, എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറി ഓഫീസർ ഹൈമ കെ.പി സ്വാഗതവും, സബ് ട്രഷറി ഓഫീസർ ടിവി തിലകൻ നന്ദിയും പറഞ്ഞു.സംഘാടക സമിതി ചെയർമാൻ എം വിജിൻ എം എൽ എ കൺവീനർ ടിവി തിലകൻ എന്നിവരെ തീരുമാനിച്ചു