വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടി; യുവാവ് അറസ്റ്റിൽ

തളിപ്പറമ്പ്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഒഴൂർ ഓമച്ചപ്പുഴയിലെ കാമ്പത്ത് നിസാറിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശന്റെ നിർദേശപ്രകാരം എസ്.ഐ മനോജ് അറസ്റ്റ് ചെയ്തത്. എളമ്പേരം മൊട്ടമ്മലിലെ അനിഷാഗ്, നണിശ്ശേരിയിലെ പി.പി. അജീഷ് എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്. ജോലി വാഗ്ദാനംചെയ്ത് 35,000 രൂപ തട്ടിയെടുത്തുവെന്ന അജീഷിന്റെ പരാതിയിൽ നേരത്തേ തന്നെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2021 ഫെബ്രുവരി മുതൽ നിസാറിന്റെ നാല് അക്കൗണ്ടുകളിലായി 82,000 രൂപ നിക്ഷേപിച്ചെങ്കിലും ജോലി നൽകുകയോ പണം തിരിച്ചുനൽകുകയോ ചെയ്തില്ലെന്നാണ് അനിഷാഗിന്റെ പരാതി. സമാനകേസിൽ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നിസാറിനെ കസ്റ്റഡിയിൽ വാങ്ങിയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.